പ്ലസ് വൺ വിദ്യാർഥിയെ പിടിഎ പ്രസിഡന്റ് ഓലമടൽ കൊണ്ട് അടിച്ചതായി പരാതി. തൊളിക്കോട് ഗവ: ഹയർ സെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡന്റും കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ തൊളിക്കോട് ഷംനാദിനെതിരെ അതേ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിതുര പൊലീസ് കേസെടുത്തു. അതേ സമയം തന്റെ പത്താം ക്ലാസുകാരനായ മകനെ പ്ലസ് വൺ വിദ്യാർഥി റാഗ് ചെയ്ത പ്രശ്നം പരിഹരിക്കാനാണ് ശ്രമിച്ചതെന്നും ആക്രമിച്ചെന്ന പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും ഷംനാദ് പറഞ്ഞു.
ഷംനാദിന്റെ മകന്റെ റാഗിങ് പരാതിയിൽ പ്ലസ് വൺ വിദ്യാർഥിക്കെതിരെയും പൊലീസ് കേസെടുത്തു. ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂളിൽ പത്താം ക്ലാസ്, പ്ലസ് വൺ വിദ്യാർഥികൾ തമ്മിലുണ്ടായ കയ്യാങ്കളിക്ക് ഇടയിലാണ് പത്താം ക്ലാസ് വിദ്യാർഥിക്ക് മർദനമേൽക്കുന്നത്. ഇതു ചോദ്യം ചെയ്യുന്നതിനിടെ ഷംനാദ് മടൽ കൊണ്ട് ആക്രമിച്ചെന്നാണ് പരാതി. നാല് മാസം മുൻപ് സ്കൂളിലെ സീനിയർ- ജൂനിയർ തർക്കവും കയ്യാങ്കളിയും പിടിഎ ഇടപെട്ടു പരിഹരിച്ചിരുന്നു. അതിന്റെ തുടർച്ചയാണ് പുതിയ സംഭവമെന്നു കരുതുന്നു