ആറ്റിങ്ങൽ: തൊഴിലിനും മാലിന്യപരിപാലനത്തിനും കാർഷിക വികസനത്തിനും മുൻഗണന നൽകിക്കൊണ്ട് നഗരത്തിൻ്റെ സമഗ്രമായ വികസനം ലക്ഷ്യമിട്ടുകൊണ്ടുള്ള 487117894/-രൂപ വരവും 377344300/- രൂപ ചെലവും 109773594/-രൂപ നീക്കിയിരുപ്പുമുള്ള ബഡ്‌ജറ്റ് വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള അവതരിപ്പിച്ചു.
കഴിഞ്ഞ 3 വർഷങ്ങളിലായി മൂവായിരത്തിലധികം പേർക്ക് തൊഴിൽ കൊടുക്കുവാൻ കഴിഞ്ഞെന്ന് ബഡ്‌ജറ്റ് പ്രസംഗത്തിലൂടെ വിശദീകരിച്ച. തൊഴിൽ മേഖലയിൽ വമ്പിച്ച കുതിച്ചുചാട്ടത്തിന് ബഡ്‌ജറ്റ് അടിവരയിടുന്നു. മാലിന്യപരിപാലനത്തിന് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്നതോടൊപ്പം നഗരസഭ സൗന്ദര്യവൽക്കരണത്തിന് വിവിധ പദ്ധതികൾ ബഡ്‌ജറ്റിൽ പ്രതിപാദിക്കുന്നുണ്ട്. തരിശുരഹിത നഗരം, ഭക്ഷ്യ സ്വയംപര്യാപ്തത, മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനവും വിപണനവും, സമൃദ്ധിപദ്ധതി, എല്ലാ ഏലായിലും നെൽകൃഷി തുടങ്ങിയവ കാർഷിക മേഖലയിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ പര്യാപ്തമാണ്. ടൂറിസം പദ്ധതിയുടെ ഭാഗമായി കൊല്ലമ്പുഴയിൽ, ആറ്റിങ്ങൽ കലാപത്തിന്റെ രണസ്‌മാരകം, തിരുവിതാംകൂർ ചരിത്ര മ്യൂസിയം, മാനവീയം കലാവീഥി തുടങ്ങിയവ ബഡ്‌ജറ്റിലുൾക്കൊള്ളിച്ചിട്ടുണ്ട്.
ആരോഗ്യമേഖലയിൽ വലിയകുന്ന് ആശുപത്രിയിൽ ട്രോമാ കെയർ യൂണിറ്റ്, ഐ.പി ബ്ലോക്ക്, മെറ്റേണിറ്റി ബ്ലോക്ക്, ഷെൽട്ടർ ഹോം, നഴ്‌സിംഗ് കോളേജ് തുടങ്ങിയ വികസന പ്രവർത്തനങ്ങൾ ബഡ്‌ജറ്റിലുണ്ട്.
വയോജനങ്ങൾക്ക് ഹാപ്പിനസ് സെൻ്ററുകൾ, കുട്ടികൾക്ക് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പാർക്കുകൾ, സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി മുനിസിപ്പൽ കോളനിയിൽ ബഹുനില കെട്ടിടം, ആറ്റിങ്ങൽ ഠൗൺ ഹാൾ പൂർത്തീകരണം, മാലിന്യത്തിൽ നിന്നും ബയോഗ്യാസ് ഉൽപ്പാദിപ്പിക്കുന്ന സി.എൻ.ജി പ്ലാൻ്റ്, പ്ലാസ്റ്റിക് റീസൈക്കിൾ യൂണിറ്റി, ആധുനിക സ്ലോട്ടർ ഹൗസ്, വീക്ഷണം കൈത്തറി, അവിക്സ്, നാളികേര കോംപ്ലക്‌സ്, മാർക്കറ്റ് നവീകരണം, സ്റ്റീൽ പ്ലാൻ്റ് എന്നിവിടങ്ങളിൽ പുതിയ വ്യവസായ സംരംഭങ്ങൾ തുടങ്ങി ഒട്ടേറെ വികസന സാധ്യതകളാണ് ബഡ്‌ജറ്റ് ലക്ഷ്യമിടുന്നത്.