ആറ്റിങ്ങൽ: ബാറിലെത്തിയ ആളെ തട്ടിക്കൊണ്ടു പോയി വിരലുകൾ ഒടിച്ച് കവർച്ച ചെയ്ത കേസിലെ പ്രതികളെ ആറ്റിങ്ങൽ പോലീസ് പിടികൂടി. കഠിനംകുളം ചാന്നാങ്കര ഫാത്തിമ ആഡിറ്റോറിയത്തിനു സമീപം തോപ്പിൽ വീട്ടിൽ ഫവാസ്(36) കഠിനംകുളം പടിഞ്ഞാറ്റുമുക്ക് ചിറയ്ക്കൽ മണക്കാട്ടുവിളാകം വീട്ടിൽ ചന്ദ്രബാബു(66) എന്നിവരെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ മാർച്ച് 25ന് ആറ്റിങ്ങൽ മാമത്തുള്ള ബാർ ഹോട്ടലിൽ മദ്യപിക്കാൻ എത്തിയ അവനവഞ്ചേരി സ്വദേശിയായ രാജൻ എന്നയാളെ ബൈക്കിൽ പിടിച്ചു കയറ്റി ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ പരിധിയിലെ ചിലമ്പ് എന്ന സ്ഥലത്തുള്ള ആളൊഴിഞ്ഞ പുരയിടത്തിൽ കൊണ്ടിട്ട് മർദ്ദിച്ച് കൈവിരലുകൾ ഒടിച്ച ശേഷം ബ്രേസ് ലെറ്റ്, മോതിരം, മൊബൈൽ ഫോൺ, പണം എന്നിവ കവർച്ച ചെയ്ത കൊലപാതക ശ്രമം, മോഷണം, ബോംബേറ് തുടങ്ങിയ നിരവധി കേസുകളിലെ പ്രതികളാണ് പിടിയിലായത്.
25ന് ഉച്ചയോടു കൂടി മാമത്തുള്ള ബാറിൽ മദ്യപിക്കാനെത്തിയ രാജൻ മദ്യം കഴിച്ച് ബോധം നഷ്ടപ്പെട്ട സമയം വീട്ടിലേക്ക് എത്തിക്കാം എന്നു പറഞ്ഞ് ബൈക്കിൽ പിടിച്ചു കയറ്റിയ ശേഷം ചിലമ്പ് എന്ന സ്ഥലത്തുള്ള ആളൊഴിഞ്ഞ പുരയിടത്തിൽ കൊണ്ടിട്ട് മർദ്ദിച്ച് അവശനാക്കി രാജന്റെ വലത് കൈയ്യിലുണ്ടായിരുന്ന സ്വർണ്ണ ബ്രേസ് ലെറ്റും, ഇടത് കൈവിരലിൽ അണിഞ്ഞിരുന്ന സ്വർണ്ണ മോതിരവും, മൊബൈൽ ഫോണും, കൈയ്യിലുണ്ടായിരുന്ന 4000 രൂപയും കവർച്ച ചെയ്ത ശേഷം രാജന്റെ കൈകൾ കൂട്ടിക്കെട്ടി സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. രാജന്റെ നിലവിളി കേട്ട് അവിടെയെത്തിയ പഞ്ചായത്ത് മെമ്പർ അവിടെ നിന്നും കൂട്ടി കൊണ്ടു പോവുകയായിരുന്നു. പിറ്റേ ദിവസം ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ വന്ന് പരാതി നൽകുകയായിരുന്നു. തുടർന്ന് മാമത്തുള്ള ബാറിലും പരിസര പ്രദേശങ്ങളിലുമുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധന നടത്തിയ അന്വേഷണത്തിൽ പ്രതികൾ രാജനെ തട്ടിക്കൊണ്ടുപോയ ബൈക്കിന്റെ നമ്പർ തിരിച്ചറിയുകയും കഠിനംകുളം പോലീസ് സ്റ്റേഷൻ പരിധിയിലെ കൊടുംകുറ്റവാളിയായ ഫവാസിനെയും കൂട്ടാളിയായ ചന്ദ്രബാബുവിനെയും തിരിച്ചറിയുകയുമായിരുന്നു.
പോത്തൻകോട്, കഠിനംകുളം, കഴക്കൂട്ടം പോലീസ് സ്റ്റേഷനുകളിൽ ബോംബേറ്, കൊലപാതകശ്രമം, കൂട്ടായ്മ കവർച്ച തുടങ്ങിയ നിരവധി കേസുകളിലെ പ്രതികളാണ്. നിരവധി ആൾക്കാരെ ഉപദ്രവിച്ച് കവർച്ച നടത്തി വരികയായിരുന്നു. പ്രതികൾക്കെതിരെ പോലീസിൽ പരാതിപ്പെടാൻ ആരും ധൈര്യപ്പെട്ടിട്ടില്ല. കവർച്ച നടത്തിയ ശേഷം പ്രതികൾ സ്വർണ്ണാഭരണങ്ങളുമായി ബീമാപള്ളിയിലുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഇൻസ്പെക്ടർ എസ് എച്ച് ഒ ഗോപകുമാർ. ജി, എസ് ഐ മാരായ ജിഷ്ണു എം.എസ്, രാധാകൃഷ്ണൻ പി, എ എസ് ഐ മാരായ ഉണ്ണിരാജ്, ശരത് കുമാർ, എസ് സി പി ഒ മാരായ നിധിൻ, അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.