ആറ്റിങ്ങൽ : വിശാലമായ പാടശേഖരത്തിൽ കൃഷി വീണ്ടെടുത്ത് ചരിത്രം സൃഷ്ടിച്ച പിരപ്പമൺകാട് പാടശേഖരസമിതിയും , പാടശേഖരസമിതിക്കൊപ്പം നിന്ന് വയലാഘോഷങ്ങൾ ഒരുക്കി കൃഷിയെ നാടിന്റെ ഉത്സവമാക്കുന്ന സൗഹൃദ സംഘവും വയൽക്കരയിൽ ഇഫ്താർ വിരുന്നൊരുക്കി പുതിയൊരു മാതൃക സൃഷ്ടിച്ചു .
വയൽക്കരയിലെ ശ്രീഭൂതനാഥൻകാവ് ക്ഷേത്ര മൈതാനിയിൽ “വയലിഫ്താർ” എന്ന പേരിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം ചിറയിൻകീഴ് എംഎൽഎ വി ശശി ഉദ്ഘാടനം ചെയ്തു.
നാടിന്റെ ആരാധനാമൂർത്തിയായ ശ്രീഭൂതനാഥന്റെ , നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രത്തിന്റെ പറമ്പിൽ ആകർഷകമായി തയ്യാറാക്കിയ സദസ്സിൽ നാനാജാതി മതസ്ഥരായ നൂറുകണക്കിന് ആളുകൾ പങ്കെടുത്ത ഇഫ്താർ സംഗമം മതസൗഹാർദ്ദത്തിന്റെ മഹനീയ മാതൃകയായി . പാടശേഖര സമിതിയുടെ പ്രവർത്തനങ്ങൾക്ക് ക്ഷേത്രാനുബന്ധ സൗകര്യങ്ങൾ വിട്ടുകൊടുത്ത് നാടിന്റെ കാർഷിക മുന്നേറ്റത്തിന് ഊർജ്ജവും മാതൃകയുമായ ശ്രീഭൂതനാഥൻ കാവ് ക്ഷേത്ര ട്രസ്റ്റ് ഇഫ്താർ സംഗമ വേദിയൊരുക്കിയതിലൂടെ പുതിയൊരു മാതൃക കൂടി സൃഷ്ടിച്ചിരിക്കുകയാണ്. ക്ഷേത്ര വിശ്വാസങ്ങളെ മാനിച്ചുകൊണ്ട് പഴങ്ങളും വെജിറ്റേറിയൻ വിഭവങ്ങളും കഞ്ഞിയും ചേർത്തൊരുക്കിയ ഇഫ്താർ വിഭവങ്ങളും ഏറെ ശ്രദ്ധേയമായി. ക്ഷേത്രാമൈതാനിയിൽ നടന്ന ഇഫ്താർ സംഗമ ഉദ്ഘാടന ചടങ്ങിന് ശേഷം ക്ഷേത്രത്തിലെ ദീപാരാധനയും സമീപത്തെ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നോമ്പുതുറയും നിസ്കാരവും ഒരേസമയം നടന്നത് ഈ നാടിന്റെ സാംസ്കാരിക ഔന്നത്യം വിളിച്ചോതുന്ന അനുഭവമായി. വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രാദേശിക നേതാക്കൾ അടങ്ങുന്ന പാടശേഖര ഉപദേശക സമിതിയുടെ നേതൃത്വത്തിലാണ് ഇവിടത്തെ എല്ലാ പ്രവർത്തനങ്ങളും ആഘോഷങ്ങളും ഒരുങ്ങുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ് . വലിയൊരു ആഘോഷത്തിന്റെ കെട്ടിലും മട്ടിലും ആണ് വേദിയും സദസും സജ്ജീകരിച്ചിരുന്നത് . പ്രതികൂല കാലാവസ്ഥയിലും ഈ സംഗമ വേദിയിലേക്ക് ആളുകൾ ഒഴുകിയെത്തിയത് , ഒരു നാട് ഒന്നാകെ ഏറ്റെടുത്ത നന്മയുടെ അടയാളപ്പെടുത്തലായി മാറി.
മാർച്ച് 24,25 തീയതികളിൽ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പരിസ്ഥിതി സംഗമ വേദിയിലെ അവതരണത്തിന്, സംസ്ഥാനതലത്തിൽ തിരഞ്ഞെടുക്കപ്പെട്ട 75 ജലസംരക്ഷണ – കാർഷിക പ്രവർത്തന മാതൃകകളിൽ ഒന്ന് പിരപ്പമൺകാട്പാടശേഖരത്തിലെ കൃഷി പുനസ്ഥാപനം ആയിരുന്നു.
ഔദ്യോഗിക ക്ഷണം ലഭിച്ചതനുസരിച്ച് പാടശേഖരസമിതി, സൗഹൃദസംഘം പ്രവർത്തകർ പരിസ്ഥിതി സംഗമ വേദിയിൽ മികവ് അവതരണം നടത്തുകയും, മികവ് പുരസ്കാരം ഏറ്റുവാങ്ങുകയും ചെയ്ത അഭിമാന ഘട്ടത്തിലാണ് ഇത്തവണത്തെ കൊയ്ത്തു ഉത്സവവും ഇഫ്താർ സംഗമവും നടന്നത് എന്നത് ഏറെ ആവേശകരമായി.
മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പള്ളിയറ ശശിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പിസി ജയശ്രീ
മതമേലധ്യക്ഷന്മാരെ പൊന്നാട അണിയിച്ച് ആദരിച്ചു. ഇടയ്ക്കോട് പള്ളി ഇമാം നിസാമുദ്ദീൻ ബാഖവി, ക്രൈസ്റ്റ് നഗർ സ്കൂൾ പ്രിൻസിപ്പൽ
റവ.ഫാദർ ജോമോൻ അഗസ്റ്റിൻ എന്നിവർ മതസൗഹാർദ്ദ സന്ദേശങ്ങൾ നൽകി. യോഗത്തിന് പാടശേഖരസമിതി ട്രഷറർ രാജേന്ദ്രൻ നായർ സ്വാഗതവും റിസപ്ഷൻ കമ്മിറ്റി കൺവീനർ അനിൽകുമാർ നന്ദിയും പറഞ്ഞു.
മുദാക്കൽ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപാറാണി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഷ്ണു രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നന്ദു രാജ് ആർ പി, പഞ്ചായത്ത് മെമ്പർ ബിജു .റ്റി, ശ്രീഭൂതനാഥൻകാവ് ക്ഷേത്ര ട്രസ്റ്റ് അംഗം ശ്രീധരൻ നായർ , പഞ്ചായത്ത് സെക്രട്ടറി ചന്ദ്രബാബു എസ് എസ് , കൃഷി ഓഫീസർ ലീന എൻ , വില്ലേജ് ഓഫീസർ ഷാജഹാൻ ഇ, സിഡിഎസ് ചെയർപേഴ്സൺ പ്രേമലത , ഉപദേശക സമിതി അംഗങ്ങളായ രാജീവ് ബി, വിജു കോരാണി , ജയകുമാർ ,സാബു എൻ, പാടശേഖരസമിതി സെക്രട്ടറി അൻഫർ എ , സൗഹൃദ സംഘം കൺവീനർ ബിജു മാറ്റാടിയിൽ എന്നിവർ സംസാരിച്ചു .