ആറ്റിങ്ങൽ: യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി ആറ്റിങ്ങലിൽ അറസ്റ്റിൽ. നിരവധി കേസുകളിലെ പ്രതിയായ ആറ്റിങ്ങൽ കൊടുമൺ എം.എസ് നിവാസ് വീട്ടിൽ കൊച്ചൻ എന്നു വിളിക്കുന്ന ആകാശ്( 25) നെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്. ചിറയിൻകീഴ് സ്വദേശിയായ സബീറിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
രണ്ട് മാസങ്ങൾക്ക് മുമ്പ് ആകാശിൻ്റെ അച്ഛനായ സതീശനെ സബീർ ദേഹോപദ്രമേൽപിക്കാൻ ശ്രമിച്ചതിന് പ്രതികാരമായിട്ടാണ് ആകാശ് സബീറിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. പരിക്കേറ്റ സബീർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞു വരികയാണ്. കുത്തേറ്റ സബീർ നിരവധി കേസുകളിലെ പ്രതിയാണ്. കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മണിക്കൂറുകൾ ഇടവിട്ട് രണ്ട് പേരെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞു വന്ന ആളാണ് കുത്തേറ്റ സബീർ. 29.03.2025 തീയതി പകൽ 02.30 മണിയോടെ ആറ്റിങ്ങൽ രാമച്ചംവിള പണി നടന്നു വരുന്ന ബൈപാസ് സർവ്വീസ് റോഡിൽ വച്ച് ആകാശിനെ ആക്രമിക്കാൻ വന്ന സബീറിനെ കൈയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് വയറ്റിൽ കുത്തുകയായിരുന്നു. കുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയെ പ്രതിയുടെ സുഹൃത്തിൻ്റെ കഴക്കൂട്ടത്തുള്ള വീട്ടിൽ നിന്നും ആറ്റിങ്ങൽ പോലീസ് പിടികൂടി.
ആറ്റിങ്ങൽ, ചിറയിൻകീഴ്, കടയ്ക്കാവൂർ, കഠിനംകുളം എന്നീ പോലീസ് സ്റ്റേഷനുകളിലെ കൊലപാതകശ്രമം, ദേഹോപദ്രവം, പിടിച്ചു പറി തുടങ്ങിയ പതിനഞ്ചോളം കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ ആകാശ്.
ആറ്റിങ്ങൽ ഇൻസ്പെക്ടർ എസ് എച്ച് ഒ ഗോപകുമാർ. ജി, എസ് ഐമാരായ ജിഷ്ണു എം.എസ്, എ എസ് ഐ മാരായ ഉണ്ണിരാജ്, ഡീൻ, ശരത് കുമാർ, എസ്. സി. പി ഒ മാരായ പ്രശാന്ത്, ഷംനാദ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.