വർക്കല : വർക്കല പേരേറ്റിൽ കൂട്ടിക്കട തൊടിയിൽ ഭഗവതിക്ഷേത്രത്തിലെ ഉത്സവം കണ്ടുമടങ്ങിയ ജനക്കൂട്ടത്തിലേക്ക് റിക്കവറി വാൻ ഇടിച്ചുകയറി അമ്മയും മകളും മരിച്ച സംഭവത്തിൽ ഡ്രൈവർ മദ്യലഹരിയിലായിരുന്നെന്നും വാഹനം അമിതവേഗത്തിലായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. മാത്രമല്ല, അപകടം നടന്നയുടൻ ഡ്രൈവർ ഇറങ്ങി ഓടുകയും ചെയ്തു. ഒളിവിൽ പോയ റിക്കവറി വാഹനത്തിന്റെ ഡ്രൈവർക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കി.കല്ലമ്പലം പോലീസ് ആണ് കേസ് അന്വേഷിക്കുന്നത്.
വാഹനം നാട്ടുകാരുടെ ഇടയിലേക്ക് ഇടിച്ചുകയറ്റി. സ്‌കൂട്ടറിലും കാറിലും ഇടിച്ചശേഷമാണ് റിക്കവറി വാൻ അമ്മയേയും മകളെയും ഇടിച്ചതെന്നും സംഭവ സ്ഥലത്തേക്ക് ഏറെ വൈകിയാണ് പൊലീസ് എത്തിയതെന്നും ദൃകസാക്ഷി സജിന ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടമുണ്ടായത്. പുലയൻ വിളാകം വീട്ടിൽ രോഹിണി (55), മകൾ അഖില (21) എന്നിവരാണ് അപകടത്തിൽ മരിച്ചത്. രഞ്ജിത്ത്, ഉഷ എന്നിവർക്ക് പരിക്കേറ്റു. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം.
വർക്കലയിൽ നിന്ന് കവലയൂർ ഭാഗത്തേക്ക് അമിതവേഗതയിൽ എത്തിയ റിക്കവറി വാഹനം മറ്റ് രണ്ട് വാഹനങ്ങളിൽ ഇടിച്ചശേഷം ജനക്കൂട്ടത്തിലേക്ക് പാഞ്ഞു കയറുകയുമായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രോഹിണിയെയും അഖിലയെയും ഉടൻ വർക്കല ശ്രീനാരായണ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.