കുറ്റിച്ചൽ: പൊതുജനങ്ങള്‍ക്കായി നിർമിച്ച കംഫർട്ട് സ്റ്റേഷൻ മദ്യപന്‍മാരുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമായി മാറുന്നു. കുറ്റിച്ചല്‍ പഞ്ചായത്തിന് ലഭിച്ച നിര്‍മല്‍ പുരസ്‌ക്കാരതുക കൊണ്ടാണ് 2009- 2010ല്‍ നിര്‍മ്മാണം നടത്തിയത്. പണി പൂര്‍ത്തീകരിച്ച് പ്രവര്‍ത്തിപ്പിക്കാനും വൃത്തിയാക്കാനും ആളെ നിയമിച്ചു. എന്നാല്‍ ഒരുമാസം തികയുന്നതിന് മുന്‍പുതന്നെ കരാറുകാരന്‍ സ്‌ഥലം വിട്ടു.
കംഫര്‍ട്ട് സ്‌റ്റേഷന് സമീപത്തായി ഇയാള്‍ കെട്ടിയ താല്‍ക്കാലിക ഷെഡ് പരിസരത്ത് മദ്യവില്‍പ്പനക്കാര്‍ തന്നെ ചെറിയ തുക നല്‍കി കരാറുകാരനെ ഓടിച്ചുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
ഉദ്‌ഘാടനം കഴിഞ്ഞ് ദിവസങ്ങള്‍ മാത്രമാണ് ഇത് പ്രവര്‍ത്തിച്ചത്. സാമൂഹ്യ വിരുദ്ധര്‍ ഇതിന്റെ വാതിലുകള്‍ നശിപ്പിച്ചു. കൂടാതെ പരിസരം കാടുകയറിയും നശിക്കുകയാണ്. തുടക്കത്തില്‍ തന്നെ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനവും മദ്യ കച്ചവടവും നടക്കുന്ന ഈ സ്‌ഥലത്ത് പബ്ലിക് കംഫര്‍ട്ട് സ്‌റ്റേഷന്‍ സ്‌ഥാപിക്കരുതെന്ന അഭിപ്രായം അവഗണിച്ചായിരുന്നു നിര്‍മ്മാണമെന്നും ആക്ഷേപമുണ്ട്. എന്നാല്‍ ഇപ്പോള്‍ പണി പൂര്‍ത്തീകരിച്ച് ദിവസങ്ങള്‍ കഴിഞ്ഞതോടെ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ഒരു കേന്ദ്രമായി മാറുകയും ചെയ്‌തു. വഴിയാത്രക്കാര്‍ ഇതിനു സമീപമെത്തിയാല്‍ മറുവശത്തു കൂടെ പോകേണ്ട സാഹചര്യമാണത്രെ. ബന്ധപ്പെട്ട അധികാരികൾ അടിയന്തിര നടപടി സ്വീകരിച്ച കംഫർട്ട് സ്റ്റേഷൻ തുറന്നു പ്രവർത്തിപ്പിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.