വക്കം: നിലയ്ക്കാമുക്കിൽ നിർമിച്ച കോടികൾ വിലമതിക്കുന്ന ക്വാർട്ടേഴ്സുകൾ കാടുകയറി നശിക്കുന്നു. ആറ്റിങ്ങൽ ഡി.വൈ.എസ്.പിയുടെ കീഴിലുള്ള പൊലീസുകാർക്ക് താമസിക്കാൻ വേണ്ടി നിലയ്ക്കാമുക്കിന് സമീപം റോഡരുകിലെ ഒന്നര ഏക്കർ പുരയിടത്തിൽ വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച ഏഴ് വില്ലകളാണ് താമസിക്കാൻ ആളില്ലാതെ നശിക്കുന്നത്. ഏഴ് വില്ലകളിലുമായി പത്ത് കുടുംബങ്ങൾക്ക് താമസിക്കാൻ കഴിയുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. എന്നാൽ കെട്ടിടങ്ങൾ നിർമ്മിച്ച ശേഷം വർഷങ്ങളോളം ആരും താമസിക്കാതിരുന്നതിനാൽ പൂർണമായും ജീർണാവസ്ഥയിലാകുകയായിരുന്നു. അലോട്ട്മെന്റ് നടപടികൾ പൂർത്തിയാക്കി താമസിക്കാനെത്തിയവർ അറ്റകുറ്റപണികൾ നടത്തിയാലേ താമസിക്കാൻ കഴിയൂ എന്ന് തിരിച്ചറിഞ്ഞതോടെ ഏറെനാൾ ഇവിടെ തങ്ങിയതുമില്ല. അറ്റകുറ്റപ്പണികൾ നടത്തുന്നത് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്ന വിലയിരുത്തലിനെ തുടർന്ന് ജീവനക്കാർ താമസം ഒഴിയുകയായിരുന്നു. ഓരോ വില്ല ഒഴിയുമ്പോഴും പകരം ആളുകൾ എത്താതിരുന്നതിനാൽ പൊലീസ് ക്വാർട്ടേഴ്സ് അനാഥമായി. കഴിഞ്ഞ അഞ്ചു വർഷമായി ഒഴിഞ്ഞുകിടക്കുന്ന വില്ലകളിലെ ജനലുകളും വാതിലുകളും നശിച്ചു കഴിഞ്ഞു. കെട്ടിടങ്ങൾക്ക് ചുറ്റും പുൽക്കാട് നിറഞ്ഞതിനു പുറമേ കെട്ടിടത്തിന്റെ മേൽക്കൂരയുടെ ഉയരത്തിൽ വരെ പുല്ല് വളർന്ന നിലയിലാണിപ്പോൾ. വില്ല നശിച്ചപ്പോൾ പകരം സംവിധാനമെന്ന നിലയിൽ പുരയിടത്തിന്റെ പിൻഭാഗത്ത് ബഹുനില മന്ദിരം പണിഞ്ഞ് ജീവനക്കാർക്ക് നൽകി. എന്നാൽ അവിടേക്ക് പ്രവേശിക്കുന്ന ഭാഗത്തെ കാട് മൂടിയ കെട്ടിടങ്ങൾ ബഹുനില കെട്ടിടത്തിൽ താമസിക്കുന്നവർക്കും ഭീതി പരത്തുന്നു. കാട് മൂടിയ കെട്ടിടങ്ങൾക്ക് പുറമേ വലിയ ലോറിയടക്കം കേസിൽപ്പെട്ട പത്തിലധികം വാഹനങ്ങൾ, അനധികൃതമായി കടത്തിക്കൊണ്ട് പോയതിന് കസ്റ്റഡിലെടുത്ത തടികൾ എന്നിവ ഉഗ്രവിഷമുള്ള ഇഴജന്തുക്കളുടെ കേന്ദ്രമാണ്. കൂടാതെ ചുറ്റുമതിലും നിലംപൊത്താവുന്ന നിലയിലാണ്. കേസുകളിൽപ്പെട്ട വാഹനങ്ങളും, കോടികൾ വിലയുള്ള വസ്തുക്കളും കെട്ടിടങ്ങളും കാട് കയറിയിട്ടും നടപടികൾ കൈക്കൊള്ളുന്നില്ലെന്നും ആക്ഷേപമുണ്ട്