വർക്കല : “നേരറിവ് നല്ല നാളേക്ക്” എന്ന സന്ദേശവുമായി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് (എസ്കെഐഎംവിബി) സിലബസ്സ് പ്രകാരം കെജി ക്ലാസ് മുതൽ പ്ലസ്ടു ക്ലാസുകൾ വരെ അദ്ധ്യയനം നടക്കുന്ന വടശ്ശേരിക്കോണം ഹിദായത്തുൽ ഇസ്ലാം മദ്രസയിൽ പഠന വർഷാരംഭത്തിന് ആവേശകരമായ തുടക്കം
വടശ്ശേരിക്കോണം ജുമാ-മസ്ജിദ് ചീഫ് ഇമാം നൗഫൽ ബാഖവി “മിഹ്റജാനുൽ ബിദായ” എന്ന പേരിലുള്ള പ്രവേശനോത്സവ പരിപാടി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് എച്ച്എം അബ്ദുൽ റഹീം അധ്യക്ഷത വഹിച്ചു.
ജമാഅത്ത് കമ്മിറ്റി സെക്രട്ടറി എച്ച് അഹമ്മദ് ഹുസൈൻ, അസിസ്റ്റന്റ് ഇമാമുമാരായ ഷെഫീഖ് മന്നാനി, തമീം വാഫി, കമ്മിറ്റി ഭാരവാഹികളായ റ്റി തൽഹത്ത്, എം അഷ്റഫ്, സലിം പിലിയം, ഷറഫുദ്ദീൻ, നസീർ എസ്, റഹീമുദ്ദീൻ, ഷിനാസ് എസ് എന്നിവർ പ്രസംഗിച്ചു.
പുതുതായി പ്രവേശനം നേടിയ കുട്ടികൾക്കുള്ള അഡ്മിഷൻ കാർഡ് ജമാഅത്ത് പ്രസിഡന്റ് എച്ച്എം അബ്ദുൽ റഹീം വിതരണം ചെയ്തു. ഹിദായത്തിൽ ഇസ്ലാം മദ്രസ ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ ചടങ്ങിൽ കൈമാറി. ചീഫ് ഇമാം നൗഫൽ ബാഖവി ലഹരിവിരുദ്ധ ബോധവൽക്കരണ സന്ദേശം നൽകി. ലഹരി വിരുദ്ധ പ്രതിജ്ഞയും പ്രവേശനോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.
പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി കലാ-സാഹിത്യ വാസനകൾ പരിപോഷിപ്പിക്കുന്നതിനുള്ള പ്രത്യേക പരിശീലനം, ഭാഷ നൈപുണ്യ ക്‌ളാസുകൾ എന്നിവയും മദ്രസ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചിട്ടുണ്ടെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.