കല്ലമ്പലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലമ്പലം യൂണിറ്റിന്റെ നേതൃത്വത്തിൽ ഉച്ചവരെ കടകൾ അടച്ച് പ്രതിഷേധം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ ജനദ്രോഹ നടപടികൾ ആരോപിച്ചു കൊണ്ട് വ്യാപാരികൾ നാവായിക്കുളം ഗ്രാമപഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിക്കുന്നു.
പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ കടകളിൽ കയറി ഭീമമായ പിഴ ഈടാക്കുന്നുവെന്നും ചെറുകിട കച്ചവടക്കാരെ പോലും ജീവിക്കാൻ അനുവദിക്കുന്നില്ലെന്നും വൻ തുക കെട്ടിട കരവും മറ്റുമായി ഈടാക്കുന്നുവെന്നും വ്യാപാരി സമൂഹത്തെ ഒന്നടങ്കം ബുദ്ധിമുട്ടിക്കുന്നെന്നും ആരോപിച്ചാണ് പ്രതിഷേധം. മാത്രമല്ല, വഴി വാണിഭം നടത്തി കച്ചവടം നടത്തുന്നവരും ഓൺലൈൻ കച്ചവടക്കാരും കാരണം സാധാരണക്കാരായ വ്യാപാരികൾ പൊറുതി മുട്ടുമ്പോൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൂടി തങ്ങൾക്ക് നേരെ പ്രതികാര ബുദ്ധിയോടെ പ്രവർത്തിക്കുന്നെന്നും വ്യാപാരികൾ പറയുന്നു.