കൂടെ പഠിച്ച ശാരീരിക അവശതകളുള്ള കൂട്ടുകാരനും വൃദ്ധയായ അമ്മയ്ക്കും വിഷു സമ്മാനമായി വീട് പുനർനിർമിച്ചു നൽകി പൂർവ വിദ്യാർഥി കൂട്ടായ്മ. അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിലെ 1990 എസ്.എസ്.എൽ.സി.ബാച്ച് പൂർവ വിദ്യാർത്ഥി കൂട്ടായ്മ യായ നിറവ് ’90 ആണ് ഇത്തരത്തിൽ ഒരു മാതൃക പ്രവർത്തനം നടത്തിയത്. പൂവണത്തുമ്മൂട് മുള്ളുവിളയിൽ ജോയിയും വൃദ്ധയായ അമ്മയും മാത്രം കഴിഞ്ഞിരുന്ന ഷീറ്റ് കൊണ്ടു മറച്ച, തകർച്ചയിലായിരുന്ന പഴയ വീടിനെയാണ് സുഹൃത്തുക്കളുടെ നേതൃത്വത്തിൽ, ചുവര് കെട്ടി കോൺക്രീറ്റ് ചെയ്ത് പുനർനിർമിച്ചു നൽകിയത്. തറയൊക്കെ ടൈൽ പാകി വൃത്തിയാക്കി ബാത്ത് അറ്റാച്ച്ഡായുള്ള വീട്ടിൽ ഇനി ജോയിക്കും അമ്മയ്ക്കും സുരക്ഷിതമായി അന്തിയുറങ്ങാം. വിഷു ദിനത്തിൽ നവീകരിച്ച വീടിന്റെ താക്കോൽ പൂർവഅധ്യാപിക കെ. സുധ ടീച്ചർ കുടുംബത്തിന് കൈമാറി. മുദാക്കൽ ഗ്രാമ പഞ്ചായത്ത് അംഗം പൂവണത്തുംമൂട് ബിജു നിറവിന്റെ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. നിറവ് ’90 പൂർവവിദ്യാർഥി കൂട്ടായ്മ ഇതിനോടകം ശ്രദ്ധേയമായ ധാരാളം ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്.
