മുതലപ്പൊഴിയിൽ മണ്ണടിഞ്ഞുകൂടി പൊഴി മൂടപ്പെട്ട സാഹചര്യത്തിൽ, അടിയന്തരമായി മണ്ണ് നീക്കം ചെയ്ത് സമീപ പഞ്ചായത്തുകളെ വെള്ളപ്പൊക്ക ഭീഷണിയിൽ നിന്ന് സംരക്ഷിക്കുന്നതിനായി, ഗവൺമെന്റിനോട് ഒപ്പം ചേർന്ന് പ്രവർത്തിക്കുന്നതിനു പകരം, പ്രദേശത്ത് കലാപം ഉണ്ടാക്കാൻ ആണ് ഒരു കൂട്ടർ ശ്രമിക്കുന്നതെന്ന് മന്ത്രി വി ശിവൻ കുട്ടി ആരോപിച്ചു.
കഴിഞ്ഞ 20 വർഷത്തിനിടെ കാണാത്ത വിധം പൊഴിയിൽ അനധിസാധാരണമായി മണ്ണിടിഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് മന്ത്രി പറഞ്ഞു. ഇതിന് പരിഹാരം കാണുന്നതിനായി ഈ മാസം 16ന് മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാൻ വിളിച്ചുചേർത്ത യോഗത്തിൽ പ്രദേശത്തെ ജനപ്രതിനിധികളും, എം.എൽ.എ മത്സ്യത്തൊഴിലാളി സംഘടനകൾ, സംയുക്ത സമരസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തിരുന്നു. ഹാർബറിന്റെ കിഴക്കൻ പ്രദേശങ്ങളായ വക്കം, ചിറിൻകീഴ്, കടയ്ക്കാവൂർ, അഞ്ചുതെങ്ങ്, അഴൂർ, കഠിനംകുളം എന്നീ പഞ്ചായത്തുകളെ വെള്ളപ്പൊക്ക ഭീഷണിയിൽ നിന്നും ഒഴിവാക്കുന്നതിനായി അടിയന്തരമായി പൊഴിമുറിക്കുന്നതിന് യോഗത്തിൽ തീരുമാനമായി. എന്നാൽ പിറ്റേദിവസം പൊഴി മുറിക്കാൻ എത്തിയ ഉദ്യോഗസ്ഥരെ ഒരു കൂട്ടം ആളുകൾ തടയുകയായിരുന്നു.
ശക്തമായി മഴ പെയ്യാത്തത് കാരണമാണ് പ്രദേശത്ത് ഇപ്പോൾ വെള്ളം കയറാതിരിക്കുന്നത്. പൊഴി മുറിച്ച് ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിന് ഗവൺമെന്റുമായി സഹകരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി 400 എം ത്രീ യിൽ അധികം മണ്ണ് നീക്കാൻ ശേഷിയുള്ള ചന്ദ്രഗിരി ഡ്രഡ്ജർ കണ്ണൂർ ജില്ലയിലെ അഴീക്കൽ നിന്നും മുതലപ്പൊഴിയിലേക്ക് എത്തിക്കുകയാണെന്നും ഏപ്രിൽ 28 നകം മുതലപ്പൊഴിയിൽ വലിയ ഡ്രഡ്ജർ കൊണ്ടുള്ള ഡ്രഡ്ജിങ് ആരംഭിക്കുമെന്നും മന്ത്രി വി ശിവൻകുട്ടിപറഞ്ഞു