പെരുമാതുറ : ‘Say no to drugs, Play football, Unity football ‘ എന്ന മുദ്രാവാക്യമുയർത്തി പെരുമാതുറ സൂപ്പർ സോക്കർ ലീഗ് (പി.എസ്.എസ്.എൽ) മൂന്നാം സീസണ് തുടക്കം. ഏപ്രിൽ 26 ന് പെരുമാതുറ മാടൻവിള വെൽഫെയർ സ്റ്റേഡിയത്തിൽ ഇന്ത്യൻ ബീച്ച് ഫുട്ബാൾ ടീം ക്യാപ്റ്റൻ റോഹിത്ത് യേശുദാസ് മൂന്നാം സീസൺ കിക്കോഫ് ചെയ്യും.
വൈകുന്നേരം 4.30 ന് പെരുമാതുറ മുതലപ്പൊഴിയിൽ നിന്നാരംഭിക്കുന്ന മാർച്ച് പാസ്റ്റ് റോഹിത്ത് ഫ്ലാഗ് ഓഫ് ചെയ്യും. 5.30 ന് വെൽഫെയർ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ സാമൂഹിക സാംസ്‌കാരിക നായകർ അണിനിരക്കും. ചടങ്ങിൽ ഇന്ത്യൻ ക്യാപ്റ്റൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
ഏഴ് മണിക്ക് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ടാർഗറ്റ് എഫ്.സി പെരുമാൾ ഫൈറ്റേഴ്സിനെ നേരിടും. എല്ലാ മത്സരങ്ങളും ഫ്ലഡ്‌ലിറ്റിലാണ് നടക്കുക. 8 മണിക്ക് നടക്കുന്ന രണ്ടാം മത്സരത്തിൽ ഗോൾഡൻ സ്‌ക്വാഡ് നെക്സസ് യുണൈറ്റഡിനെ നേരിടും. ലാ മാസിയ, മൈറ്റി വാരിയേഴ്സ്, സ്‌കൈ കിംഗ്സ് എഫ്.സി, ജാഗ്വേഴ്സ് എഫ്.സി എന്നിവയാണ് മറ്റ് ടീമുകൾ. മേയ് 25 നാണ് ഒരു മാസം നീണ്ടു നിൽക്കുന്ന ഫുട്ബോൾ മാമാങ്കത്തിന്റെ കലാശപ്പോരാട്ടം നടക്കുക.