ആറ്റിങ്ങൽ : ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ബ്ലഡ് ടെസ്റ്റിങ് മെഷീൻ തകരാറിലായിട്ട് ദിവസങ്ങൾ കഴിയുന്നു. ഇതോടെ ചികിത്സ തേടി എത്തുന്ന രോഗികൾ ആശുപത്രിക്ക് പുറത്തുള്ള സ്വകാര്യ ലാബുകളിലേക്ക് ഓടേണ്ട അവസ്ഥയാണ്. ഇന്നലെ മുതൽ രക്ത പരിശോധനയ്ക്ക് ആശുപത്രിയിൽ സംവിധാനമില്ല. പരിശോധന കൗണ്ടറിൽ എത്തുമ്പോഴാണ് മെഷീൻ പ്രവർത്തിക്കുന്നില്ലെന്ന് രോഗികൾ അറിയുന്നത്. അതോടെ പ്രായമായവർ ഉൾപ്പെടെ മറ്റു ലാബുകളിലേക്ക് ഓടണം.
മെഷീൻ സർവീസ് ചെയ്യാനും തകരാറുകൾ പരിഹരിക്കാനുമായി സർക്കാർ നിശ്ചയിച്ച സ്വകാര്യ ഏജൻസിക്കാണ് ചുമതല. ഏജൻസിയെ അറിയിച്ചിട്ടുണ്ടെന്നും ക്രമ നമ്പർ അനുസരിച്ച് അവർ വന്ന് സർവീസ് ചെയ്യുമെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.