ആറ്റിങ്ങൽ :മദ്യം നൽകി സ്വർണ്ണമാലയും പണവും കവർന്ന കേസിലെ പ്രതികൾ ആറ്റിങ്ങലിൽ അറസ്റ്റിൽ. നിരവധി കേസുകളിലെ പ്രതിയായ കീഴാറ്റിങ്ങൽ തിനവിള അംഗൻവാടിയ്ക്ക് സമീപം നെടിയവിള വീട്ടിൽ എറണ്ട എന്ന് വിളിക്കുന്ന രാജു(47), മേൽകടയ്ക്കാവൂർ പഴഞ്ചിറ കാട്ടുവിള വീട്ടിൽ ചപ്രകുമാർ എന്ന് വിളിക്കുന്ന പ്രദീപ് (40) എന്നിവരെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ഏപ്രിൽ 6ന് രാത്രി കടയ്ക്കാവൂർ സ്വദേശിയെ കടയ്ക്കാവൂർ തിനവിളയിൽ നിന്നും മോട്ടോർ സൈക്കിളിൽ കയറ്റി ആറ്റിങ്ങൽ നഗരത്തിലെ ബാറിൽ കൊണ്ട് വന്ന് കൂടുതൽ മദ്യം ഒഴിച്ച് നൽകി ബോധം കെടുത്തി ആറ്റിങ്ങൽ പ്രൈവറ്റ് ബസ്സ് സ്റ്റാൻഡിന് പുറക് വശം കൊണ്ട് വന്ന് മർദ്ദിച്ച് അവശനാക്കിയ ശേഷം കഴുത്തിൽ കിടന്ന 3 പവന്റെ മാലയും, 25000/- രൂപയും കവർന്ന കേസിലാണ് അറസ്റ്റ്.
അറസ്റ്റിലായ എറണ്ട എന്ന് വിളിക്കുന്ന രാജു ആറ്റിങ്ങൽ, കടയ്ക്കാവൂർ, ചിറയിൻകീഴ് പോലീസ് സ്റ്റേഷനുകളിൽ കൊലപാതക ശ്രമം, കൂട്ടായ്മകവർച്ച അടക്കമുള്ള നിരവധി കേസുകളിൽ പ്രതിയാണ്. അപമാനം ഭയന്ന് പരാതിക്കാരൻ തനിക്ക് പറ്റിയ പരിക്കുകൾ മറിഞ്ഞ് വീണ് ഉണ്ടായതാണെന്ന് വീട്ടുകാരോട് പറയുകയും, പിന്നീട് യഥാർത്ഥ സംഭവം മനസിലാക്കിയ വീട്ടുകാർ ആറ്റിങ്ങൽ പോലീസിൽ പരാതി നൽകുകയായിരുന്നു.
1990 മുതൽ നാളിതുവരെയുള്ള കാലയളവിൽ 30 ഓളം കേസുകളിൽ പ്രതിയായുളള രാജു സംഭവത്തിന് ശേഷം തൃശ്ശൂർ ചാവക്കാടേക്ക് ഒളിവിൽ പോവുകയായിരുന്നു. രാജുവിനെ ചാവക്കാട് നിന്നും, കുമാറിനെ കഠിനംകുളം ഭാഗത്ത് നിന്നും ആറ്റിങ്ങൽ എസ് എച്ച് ഒ ഗോപകുമാർ.ജി യുടെ നേതൃത്വത്തിൽ എസ് ഐ മാരായ ജിഷ്ണു, ബിജു ഹക്ക്. എ എസ് ഐ മാരായ രാധാകൃഷ്ണൻ, ശരത് കുമാർ, എസ്. സി. പി. ഒ മാരായ അനിൽകുമാർ, നിധിൻ എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ റിമാൻറു ചെയ്തു.