അഞ്ചുതെങ്ങ്: റോഡ് പുനർനിർമ്മാണ പ്രവർത്തികൾക്കിടെ അപകട കെണിയായി മാറിയ മീരാൻകടവ് പാലം അപ്രോച്ച് റോഡിൽ അടിയന്തരമായി സംരക്ഷണ ഭിത്തിയുടെ ഉയരം കൂട്ടണമെന്ന് ആവശ്യം.
ആലംകോട് മീരാൻകടവ് റോഡ് പുനർനിർമാണത്തിന്റെ ഭാഗമായി വർഷങ്ങളായി നടന്നുവരുന്ന നിർമ്മാണ പ്രവർത്തികളുടെ ഭാഗമായി കഴിഞ്ഞ ആഴ്ചയാണ് ഈ പ്രദേശത്തെ മീരാൻകടവ് പാലത്തിലേക്ക് ചെന്നെത്തുന്ന 200 മീറ്റർ റോഡ് ആദ്യഘട്ട ടാറിങ് പണികൾ പൂർത്തീകരിച്ചത്. ഇതോടെ ഈ ഭാഗത്തെ റോഡിന്റെ ഒരു ഭാഗത്ത് വൻതോതിൽ ഉയരം കൂടുകയും നിലവിലുണ്ടായിരുന്ന സംരക്ഷണ കവചം താഴ്ന്ന നിലയിൽ ആകുകയുമായിരുന്നു.
നിലവിൽ റോഡിൽ നിന്ന് സെന്റിമീറ്റർ മാത്രം ഉയരമാണ് ഈ സംരക്ഷണ കുറ്റികളുടെ നീളം, റോഡിന്റെ അവസാനഘട്ട ടാറിങ് ലയറും പൂർത്തീകരിക്കുന്നതോടെ ഇത് പൂർണ്ണമായും താഴ്‌ന്ന അവസ്ഥയിലുമാകും നിലവിൽ 12 മുതൽ 5 മീറ്റർ വരെ താഴ്ചയാണ് ഈ റോഡിന്റെ ഇരു ഭാഗങ്ങളിലുമായി ഉള്ളത്. അതിനാൽ തന്നെ ഇത് ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് വൻ അപകട ഭീഷണിയാണ് ഉയർത്തുന്നത്.
ഈ വിഷയം നിർമ്മാണ വേളയിൽ തന്നെ ചൂണ്ടിക്കാട്ടിയെങ്കിലും, ബന്ധപ്പെട്ടവർ കാര്യമായി പരിഗണിച്ചിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ഉടൻ തന്നെ, അപകടരമായ ഈ മേഖലകളിൽ ഉയരം കൂട്ടി സംരക്ഷണ ഭിത്തി നിർമ്മിക്കുവാൻ അധികൃതർ തയ്യാറാകണമെന്ന് ബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അഞ്ചുതെങ്ങ് സജൻ ആവശ്യപ്പെട്ടു.