വർക്കല : യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച മൂന്നംഗ സംഘത്തിലെ ഒരാളെ അയിരൂർ പൊലീസ് പിടികൂടി. കല്ലുവാതുക്കൽ പുലിക്കുഴി ഗീതു ഭവനിൽ ഉണ്ണി എന്ന ഷൈജു(35) ആണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ ഏപ്രിൽ 7ന് രാത്രിയിലാണ് ഇടവ മങ്ങാട്ട് വിള ചരുവിളവീട്ടിൽ അനിലി (27)നെ മൂന്നംഗസംഘം ആക്രമിച്ചത്. ബന്ധുവീട്ടിൽ നിൽക്കുകയായിരുന്ന അനിലിനെ കൊടുവാൾ കൊണ്ട് തലയ്ക്കും കൈയ്ക്കും വെട്ടി പരിക്കേൽപ്പിച്ച ശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടു. ഒളിവിലായിരുന്ന പ്രതികൾക്കു വേണ്ടിയുള്ള തെരച്ചിൽ പൊലീസ് ഊർജ്ജിതമാക്കിയിരിക്കെയാണ് മൂന്നാം പ്രതിയായ ഷൈജുവിനെ അയിരൂർ പൊലീസ് പിടികൂടിയത്.
ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അനിൽ ഇതിനുമുമ്പ് ഈ കേസിലെ ഒന്നാം പ്രതിയായ വിഷ്ണുവിനെ വീട്ടിൽ അതിക്രമിച്ചുകയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഇതിന്റെ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നും കൂട്ടുപ്രതികളായ വിഷ്ണു,ബൈജു എന്നിവരെ ഉടൻ പിടികൂടുമെന്നും അയിരൂർ പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.