വർക്കലയിൽ എട്ട് വയസുകാരന് തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റു.ചിലക്കൂർ തെക്കേവിള തിരുവാതിരയിൽ വിഷ്ണുദാസിന്റെയും ഷൈനിയുടെയും മകൻ മേഹൽ എന്ന നാലാം ക്ലാസുകാരനാണ് തെരുവ് നായയുടെ കടിയേറ്റത്. ഇന്നലെ രാവിലെ 9 മണിയോടെ വീട്ടിനുമുന്നിൽ നിന്ന് പത്രമെടുത്ത് തിരികെ വരുമ്പോഴാണ് കുട്ടിയെ തെരുവുനായ ആക്രമിച്ചത്. കുട്ടിയുടെ മുഖത്തും ഇരുകാലുകളിലെ തുടയിലും കടിച്ച് മുറിവേൽപ്പിച്ചു. ഇടത് തുടയിൽ ആഴത്തിലുള്ള മുറിവാണ്. ആറുമാസത്തിന് മുൻപും മേഹലിന് തെരുവ് നായയുടെ ആക്രമണമേറ്റിരുന്നു. പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യം വളരെ രൂക്ഷമാണെന്നു കാട്ടി അന്ന് വർക്കല നരസഭ ആരോഗ്യവിഭാഗത്തിൽ പരാതിപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് രക്ഷിതാക്കൾ പറഞ്ഞു.
