കടയ്ക്കാവൂർ : കാനഡയിൽ മരണപ്പെട്ട മണനാക്ക് സ്വദേശി ഖാലിദ് മുഹമ്മദിന്റെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി. മണനാക്ക് കായൽവാരം ഗാന്ധിമുക്ക് കരവിള ഹൗസിൽ മുഹമ്മദ് നാസറിന്റെയും ഷാനിഫയുടെയും മകൻ ഖാലിദ് മുഹമ്മദ് (21) ന്റെ മൃതദേഹം ആണ് കായൽവാരം മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ ഖബറടക്കിയത്.
ഇക്കഴിഞ്ഞ ഏപ്രിൽ 18നാണ് കാനഡയിലെ സൂ സെ മാരിയിൽ ഖാലിദ് മരണപ്പെട്ടത് . 18നു രാത്രിയിലാണ് നാട്ടിലെ ബന്ധുക്കൾക്ക് മരണ വിവരം സംബന്ധിച്ചുള്ള വിവരം ലഭിക്കുന്നത്. കാനഡയിൽ പോയിട്ട് പത്ത് മാസമേ ആയിട്ടുള്ളു. സൂസെ മാരിയിലെ സൂ കോളേജ് വിദ്യാർത്ഥിയായിരുന്നു.
ഇന്ന് രാവിലെ 9 മണിയോടെ മൃതദേഹം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുകയും തുടർന്ന് കായൽവാരത്തെ വീട്ടിൽ പൊതു ദർശനത്തിന് വെച്ച ശേഷം പത്തര മണിയോടെ ഖബറടക്കി.
അവസാനമായി ഖാലിദിന്റെ മുഖം ഒന്ന് കാണാൻ നാട്ടുകാരും സുഹൃത്തുക്കളും കരവിള വീട്ടിലേക്ക് ഒഴുകിയെത്തി. തുടർന്ന് പള്ളിയിലും ഖബറടക്കത്തിലും നാടൊന്നായി പങ്കെടുത്തു. നല്ല സൗഹൃദ വലയം ഉള്ള യുവാവായിരുന്നു. ഖാലിദിന്റെ മരണം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നാട്ടുകാർക്കും ഇനിയും വിശ്വസിക്കാൻ കഴിയുന്നില്ല.