പഹൽഗാമിന് മറുപടിയായി ഇന്ത്യ നടത്തിയ ആക്രമണത്തിന്റെ പേര് ഓപ്പറേഷൻ സിന്ദൂർ എന്നാണ്. തിരിച്ചടി വിവരം പങ്കുവെച്ച് ഇന്ത്യൻ സൈന്യം പങ്കുവെച്ച പോസ്റ്റിലും ചിതറിത്തെറിച്ച സിന്ദൂരത്തിന്റെ ചിത്രമാണുള്ളത്. പഹൽഗാമിലെ താഴ്വരയിൽ കൺമുന്നിൽ രക്തം പൊടിഞ്ഞ് ജീവൻവെടിയേണ്ടി വന്നവരുടെ ഭാര്യമാരുടെ കണ്ണീർ തോർന്നിട്ടില്ല. ഭർത്താക്കന്മാരെ നഷ്ടപ്പെട്ട അവർക്കുള്ള ആദരം കൂടിയാണ് ഓപ്പറേഷൻ സിന്ദൂർ എന്ന പേര്. ഭർത്താവിന്റെ ആയുരാരോഗ്യത്തിന്റേയും വിവാഹജീവിതത്തിന്റെ ഐശ്വര്യത്തിന്റേയും പ്രതീകമായാണ് സിന്ദൂരരേഖയിൽ ചാർത്തുന്ന ആ ചുവന്നപൊട്ടിനെ ഇന്ത്യൻ സ്ത്രീകൾ കണക്കാക്കുന്നത്. പരമ്പരാഗതമായും സാംസ്കാരികമായും ഈ ചുവന്ന തിലകത്തിന് പ്രാധാന്യമുണ്ട്.
പഹൽഗാം ഭീകരാക്രമണത്തിലെ കണ്ണീർകാഴ്ചയായിരുന്നു ആറ് ദിവസം മുൻപ് മാത്രം വിവാഹിതയായ ഹിമാൻഷി നർവാളിന്റെ ചിത്രം. മധുവിധു ആഘോഷിക്കാനായി കശ്മീരിലെത്തിയ ഇരുവരുടേയും വിധി മറ്റൊന്നായിരുന്നു. ഭർത്താവും നേവി ഓഫീസറുമായ ലഫ്റ്റനന്റ് വിനയ് നർവാളിന്റെ മൃതദേഹത്തിനരികിൽ കണ്ണീരോടെയിരിക്കുന്ന ഹിമാൻഷിയുടെ ചിത്രം ആക്രമണത്തിന്റെ മുഖചിത്രമായി. വിനയ് നർവാളിന്റെ സംസ്കാരചടങ്ങിൽ സിന്ദൂരമണിയാതെ പങ്കെടുത്ത ഹിമാൻഷിയേയും ഇന്ത്യ കണ്ടു.
പഹൽഗാമിന് ഉടൻ തിരിച്ചടിയെന്ന ഇന്ത്യൻ സൈന്യത്തിന്റെ ദൃഢനിശ്ചയത്തിന് പിന്നിൽ ഹിമാൻഷിയുൾപ്പെടെയുള്ള അനേകം വനിതകളുടെ കരഞ്ഞുകണ്ണീർ വറ്റിയ മുഖം കൂടിയുണ്ട്. അവർക്കുള്ള ആദരം കൂടിയാണ് ഓപ്പറേഷൻ സിന്ദൂർ എന്ന പേര്. പോരാളികളായിറങ്ങുന്നവരും നെറ്റിയിൽ ചുവന്ന സിന്ദൂരം ചാർത്തുന്ന രീതി പരമ്പരാഗതമായി നിലനിൽക്കുന്നുണ്ട്. രജ്പുത്, മറാത്ത യോദ്ധാക്കന്മാർ പോരാട്ടത്തിനിറങ്ങുമ്പോൾ നെറ്റിയിൽ സിന്ദൂരം ചാർത്തിയിറങ്ങുന്നതാണ് രീതി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിന്ദൂർ കൃഷി ചെയ്യുന്നത് കശ്മീരിലാണെന്നതും മറ്റൊരു കാര്യം.
ബുധൻ പുലർച്ചയോടെ പാകിസ്ഥാനിലെയും പാക് അധീന കാശ്‌മീരിലെയും തീവ്രവാദി ക്യാമ്പുകൾ ഇന്ത്യൻ സൈന്യം തകർത്തു. ഒമ്പത് കേന്ദ്രം ആക്രമിച്ചതായി കേന്ദ്ര പ്രതിരോധമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. ആക്രമണത്തിലൂടെ ഇന്ത്യ 12 ഭീകരരെ വധിച്ചതായും റിപ്പോർട്ടുണ്ട്.
ഇന്ത്യയുടെ കര–വ്യോമ സേനകൾ സംയുക്തമായാണ് ആക്രമണം നടത്തിയത്. പാകിസ്ഥാൻ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം വാർത്താക്കുറിപ്പിൽ പറഞ്ഞു. നീതി നടപ്പാക്കി എന്ന വാക്കുകളോടെയായിരുന്നു സെെന്യം ഭീകരകേന്ദ്രങ്ങൾ ആക്രമിച്ച കാര്യം എക്സിലൂടെ അറിയിച്ചത്.
മൗലാനാ മസൂദ് അസറിന്റെ കേന്ദ്രങ്ങളാണ് തകർത്തതെന്നാണ് റിപ്പോർട്ടുകൾ. കോട്‍ലി, മുരിദികെ, ബഹാവൽപുര്‍, മുസഫറബാദ് എന്നിവിടങ്ങളിൽ ഇന്ത്യയുടെ ആക്രമണം പാകിസ്ഥാന്‍ സൈനികവൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഭീകര സംഘടന ലഷ്‍കര്‍ ഇ തായ്ബയുടെ ആസ്ഥാനമാണ് മുരിദികെ. ഭീകരന്‍ മൗലാനാ മസൂദ് അസ്‍ഹറിന്റെ നേതൃത്വത്തിലുള്ള ജെയ്‍ഷെ മുഹമ്മദിന്റെ കേന്ദ്രമാണ് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ബഹാവല്‍പുര്‍.
അതിര്‍ത്തിയിൽ വന്‍തോതിൽ ഷെല്ലിങ് നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. നിയന്ത്രണരേഖയിൽ തുടർച്ചയായ 12-ാം ദിവസവും പാക് സേന വെടിനിർത്തൽ ലംഘിച്ചിരുന്നു. ഇന്ത്യ തിരിച്ചടിച്ചതോടെ പാകിസ്ഥാൻ വീണ്ടും കരാർ ലംഘിച്ചു.
ആക്രമണത്തിന് പിന്നാലെ ഭീകരകേന്ദ്രങ്ങൾ മാത്രമാണ് ആക്രമിച്ചതെന്ന് ലോകരാജ്യങ്ങളോട് ഇന്ത്യ വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ളവർ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.