നിരവധി മോഷണം, പിടിച്ചുപറി കേസുകളിലെ പ്രതിയെ തമിഴ്നാട്ടിലെ ആശുപത്രിയിൽ നിന്നു കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തു. കാവനാട് ശശി എന്ന കുപ്രസിദ്ധ മോഷ്ടാവാണ് പിടിയിലായത്. കാട്ടാക്കട മലയിൻകീഴ് പ്രദേശങ്ങളിലെ മാല പിടിച്ചുപറിക്കുശേഷം തമിഴ്നാട്ടിലേക്ക് കടന്ന് കുറച്ചുനാൾ അവിടെ ജോലി ചെയ്ത്, വീണ്ടും കേരളത്തിൽ എത്തി പിടിച്ചു പറി നടത്തുകയാണ് ഇയാളുടെ രീതി. ആഴ്ചകൾക്കു മുമ്പ് ഇയാൾ അന്തിയൂർക്കോണം,മംഗലയ്ക്കൽ തുടങ്ങിയ പ്രദേശങ്ങളിലെ മോഷണശേഷം തമിഴ്നാട്ടിലേക്ക് കടക്കുകയും പേരാമ്പല്ലൂർ എന്ന സ്ഥലത്ത് വച്ച് വാഹന അപകടത്തിൽ പെടുകയും ചികിത്സ തേടുകയും ചെയ്തിരുന്നു. പരിശോധനയ്ക്കിടെ ആശുപത്രി അധികൃതർ ചെറിയ ഡയറിയും സ്വർണാഭരണവും കണ്ട് തമിഴ്നാട് സ്പെഷ്യൽ ബ്രാഞ്ച് പൊലീസിനെ അറിയിക്കുകയായിരുന്നു. തമിഴ്നാട് പൊലീസാണ് കാട്ടാക്കട പൊലീസിന് ഇയാളെപ്പറ്റി വിവരം നൽകിയത്.
