ആറ്റിങ്ങൽ : ദേശീയപാതയ്ക്കു അരികിൽ മാംസാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യം തള്ളിയത് നാട്ടുകാർക്ക് ദുരിതങ്ങൾ സൃഷ്ടിക്കുന്നു. മാമം പാലത്തിനും പാലമൂട് ജംഗ്ഷനും മധ്യേ ദേശീയപാതയ്ക്കായി മണ്ണിടിച്ചു മാറ്റിയ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ഒരു ലോഡ് കോഴി വേസ്റ്റ് തള്ളിയത്. പുലർച്ചെ നാലുമണിക്ക് ശേഷമാണ് മാലിന്യം നിക്ഷേപിച്ചതായി കണ്ടെത്തിയതെന്നു സമീപവാസികൾ പറഞ്ഞു. ഇവിടെ പരസ്യമായി മാലിന്യം തള്ളിയവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ഗ്രാമപഞ്ചായത്തിലും ആരോഗ്യവകുപ്പ് അധികൃതർക്കും പരാതി നൽകി. സ്ഥലത്തെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ്.
