നെടുമങ്ങാട്: മദ്യലഹരിയിൽ മകൻ അമ്മയെ ചവിട്ടിക്കൊന്നു. തേക്കട സ്വദേശി ഓമനയാണ് (85) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഓമനയുടെ മകൻ മണികണ്ഠനെ വട്ടപ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ അർധരാത്രിയായിരുന്നു സംഭവം. വട്ടപ്പാറയിലെ വീട്ടിലാണ് ഓമന താമസിക്കുന്നത്.
ഓമനയുടെ ശരീരത്തിലെ എല്ലുകൾ പൊട്ടിയ നിലയിലായിരുന്നു. മദ്യലഹരിയിൽ ഒമനയുമായി മണികണ്ഠൻ വഴക്കുണ്ടാക്കിയതായാണ് കരുതുന്നത്. വഴക്കിനിടയിൽ പ്രകോപിതനായ മണികണ്ഠൻ ഓമനയെ ചവിട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
വിവരമറിഞ്ഞ് ഓമനയെ പ്രദേശവാസികൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എല്ലുകൾ പൊട്ടി ഗുരുതരാവസ്ഥയിലായിരുന്നു ഓമന. മണികണ്ഠൻ മദ്യപിച്ചെത്തുന്നതിനെത്തുടർന്ന് വീട്ടിൽ സ്ഥിരം പ്രശ്നങ്ങളുണ്ടാകുമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഓമനയുടെ ഏക മകനാണ് മണികണ്ഠൻ. മുമ്പും ഇയാൾ അമ്മയെ മർദിച്ചതായി നാട്ടുകാർ പൊലീസിനോട് പറഞ്ഞു