മംഗലപുരം : അയൽവാസിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വൃദ്ധൻ മരിച്ചു, മംഗലപുരം തോന്നയ്ക്കൽ പാട്ടത്തിൽ സ്വദേശി താഹയാണ് (65)മരിച്ചത്. വയറ്റിൽ ഒന്നിലധികം തവണ കുത്തേറ്റ താഹയുടെ കുടൽമാല പുറത്തുവന്ന നിലയിലായിരുന്നു. സംഭവത്തിൽ സമീപവാസിയായി റാഷിദിനെ (31) മംഗലപുരം പൊലീസ് അറസ്റ്റുചെയ്തു. ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെയായിരുന്നു സംഭവം. കത്തിയുമായെത്തിയ പ്രതി താഹയുടെ വീട്ടിൽ കയറി ഇയാളെ കുത്തുകയായിരുന്നു.
വയറ്റിൽ കുത്തേറ്റ താഹ രക്ഷപ്പെടാനായി മുകളിലത്തെ നിലയിലേക്ക് ഓടിയെങ്കിലും പ്രതി പിന്നാലെയെത്തി വീണ്ടും കുത്തി. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. വയറ്റിൽ നാലിടത്ത് ഗുരുതരമായി പരിക്കേറ്റ താഹയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെ ഒരു മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഈ മാസം 28ന് താഹയും ഭാര്യയും ഹജ്ജ് യാത്രയ്ക്ക് പുറപ്പെടാനിരിക്കുകയായിരുന്നു. സംഭവത്തിന്റെ കാരണം പൊലീസ് അന്വേഷിച്ചുവരുന്നതേയുള്ളൂ. താഹയുടെ മകളെ വിവാഹം ചെയ്ത് നൽകാത്തതിന്റെ പ്രതികാരമാണ് കൊലപാതകത്തിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യും.