മഴക്കെടുതിയിൽ വ്യാപക നാശനഷ്ടം. പലയിടത്തും വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. മരങ്ങൾ കടപുഴകി വീണ് പലയിടത്തും ഗതാഗതം ഉൾപ്പെടെ തടസ്സപ്പെട്ടു.
പൂവച്ചല്‍ കാപ്പിക്കാട് വീടിനു മുകളിലേക്ക് റബ്ബർ മരത്തിന്റെ ചില്ല ഒടിഞ്ഞുവീണു. രാവിലെ 11 മണിയോടെ ഉണ്ടായ കാറ്റിലാണ് ചില്ല ഒടിഞ്ഞുവീണ് സാബു കുമാർ എന്നയാളുടെ തലയ്ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ സാബുവിനെ വെള്ളനാട് ആശുപത്രിയില്‍ എത്തിച്ച ചികിത്സ നല്കി.
ശക്തമായ കാറ്റില്‍ പള്ളിപ്പുറത്ത് പായിച്ചിറയില്‍ സുരേഷിന്റെ വീടിന് മുകളില്‍ മരം ഒടിഞ്ഞുവീണ് വീടിന് കേടുപാടുണ്ടായി. പള്ളിപ്പുറം സിആർപിഎഫ് ആസ്ഥാനത്തിനു സമീപം പുതുവലില്‍ ശക്തമായ കാറ്റില്‍ മരം ഒടിഞ്ഞുവീണ് മൂന്ന് ഇലക്ട്രിക് പോസ്റ്റുകള്‍ തകർന്നു. മുപ്പതോളം കുടുംബങ്ങള്‍ താമസിക്കുന്നിടത്ത് വഴിയുടെ കുറുകെ വീണ മരം ഇപ്പോഴും മുറിച്ചുമാറ്റാൻ കഴിഞ്ഞിട്ടില്ല. വെളുപ്പിനെ പെയ്ത ശക്തമായ മഴയിലും കാറ്റിലും ആണ് മരം ഒടിഞ്ഞുവീണത്.
ശക്തമായ കാറ്റില്‍ കാര്യവട്ടം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തിന്റെ മേല്‍ക്കൂര തകർന്ന് വീണു.