ശക്തമായ മഴയിലും കാറ്റിലും കല്ലമ്പലം, കടയ്ക്കാവൂർ മേഖലകളിൽ വ്യാപക നാശം

eiE9MJW51382

കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിലും കാറ്റിലും കല്ലമ്പലം, കടയ്ക്കാവൂർ മേഖലകളിൽ വ്യാപക നാശം. മരങ്ങൾ വീണ് വൈദ്യുതിയും ഗതാഗതവും തടസപ്പെട്ടു. കെ.എസ്.ഇ.ബി കല്ലമ്പലം സെക്ഷൻ ഓഫീസ് പരിധിയിൽ വൈദ്യുതി മുടങ്ങി. മരങ്ങൾ മുറിച്ചു മാറ്റിയും ഒടിഞ്ഞ പോസ്റ്റുകൾ പുനഃസ്ഥാപിച്ചും പ്രശ്നം പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് കെ.എസ്.ഇ.ബി ജീവനക്കാരും അഗ്നിശമന സേനയും. ശക്തമായ കാറ്റിൽ മടവൂർ അയണികാട്ടുകോണം സ്വദേശി ചന്ദ്രലേഖയുടെ വീടിനു മുകളിൽ മരം വീണു. വീട് ഭാഗികമായി തകർന്നെങ്കിലും ആളപായമില്ല. ഇന്നലെ തോട്ടയ്ക്കാട് പാലത്തിന് സമീപത്തെ വാഗമരം റോഡിനു കുറുകെ കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടിരുന്നു. പുലർച്ചെ വാഹനങ്ങൾ കുറവായതിനാൽ വൻ അപകടം ഒഴിവായി. കല്ലമ്പലം സീനിയർ ഫയർ ഓഫീസർ അനീഷിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളെത്തി മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

നാവായിക്കുളം പഞ്ചായത്തിലെ കെട്ടിടംമുക്ക് സ്വദേശി കൃഷ്ണൻ കുട്ടിയുടെ കുളിമുറിയും കിണറിന്റെ തൂണും മഴയിൽ തകർന്നുവീണു. ചെമ്മരുതി പഞ്ചായത്തിലെ പനയറ മനീഷ് ഭവനിൽ മണിക്കുട്ടന്റെ വീട് ഭാഗികമായി തകർന്നു. വലിയവിള അങ്കണവാടിക്ക് മുകളിൽ മരം വീണ് കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചെങ്കിലും അദ്ധ്യാപികയും കുട്ടികളും രക്ഷപ്പെട്ടു. ഒറ്റൂർ, മണമ്പൂർ,നാവായിക്കുളം,പള്ളിക്കൽ, മടവൂർ,കരവാരം പഞ്ചായത്തുകളിലെ അമ്പതോളം സ്ഥലങ്ങളിൽ മരങ്ങൾ വീണ് വൈദ്യുതി തടസ്സം നേരിട്ടു. കൃഷികൾ നശിച്ചു. വില്ലേജ് ഓഫീസർമാർ അതാത് സ്ഥലങ്ങൾ സന്ദർശിച്ച് നാശനഷ്ടങ്ങളും മറ്റും വിലയിരുത്തി.

കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ നിന്നും വക്കം ഭാഗത്തേക്ക് പോകുന്ന റോഡിൽ റെയിൽവേ ക്വാർട്ടേഴ്സിനടുത്തുള്ള പാഴ്മരം വെള്ളിയാഴ്ച രാത്രി നിലംപൊത്തി ഒന്നാം പ്ലാറ്റ് ഫോമിൽ വീണു. സമീപത്ത് അനേകം കൂറ്റൻ പാഴ്മരങ്ങൾ നില്ക്കുന്നുണ്ട്. അടിയന്തരമായി ഇതിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വിവിധ ഭാഗങ്ങളിൽ വാഴ,മരച്ചീനി തുടങ്ങിയ കൃഷികളും നശിച്ചു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കടയ്ക്കാവൂർ, ആനത്തലവട്ടം,വടതാഴി,കൊച്ചുതിട്ട, ചെട്ടിത്തൊടി മേഖലകളിൽ ഒരാഴ്ചയായി വെള്ളം വാർന്ന് പോകാതെ കെട്ടിക്കിടക്കുകയാണ്. ഇതുമൂലം തെങ്ങിന്റെ ചുവടുകൾ അഴുകുന്നു. മഴ കാരണം തൊഴിലാളികൾ പട്ടിണിയിലാണ്. അഞ്ചുതെങ്ങിൽ മഴയും കാറ്റും മൂലം കടലിൽ പോകാൻ സാധിക്കാതെ വലയുന്ന മത്സ്യതൊഴിലാളികൾക്ക് സൗജന്യറേഷൻ അനുവദിക്കണമെന്ന് തീരദേശവാസികൾ ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!