കരവാരം പഞ്ചായത്ത് എട്ടാം വാർഡിൽ കല്ലുവിളയിൽ വീടിനു മുന്നിൽ ഒടിഞ്ഞു വീണ വൈദ്യുതി തൂൺ പരിഭ്രാന്തി പരത്തുന്നു. ശക്തമായ കാറ്റിലും മഴിയിലും ഇന്നലെയാണ് വൈദ്യുതി തൂൺ ഒടിഞ്ഞു വീണത്. ഒരു വീടിനു മുന്നിൽ പൊതു വഴിയിലേക്കാണ് തൂൺ ഒടിഞ്ഞു വീണത്. പ്രദേശത്ത് ഞായറാഴ്ച വൈകുന്നേരം മുതൽ വൈദ്യുതി ബന്ധം ഇല്ലായിരുന്നു. എന്നാൽ ഇന്ന് പ്രദേശത്തൊക്കെ വൈദ്യുതി ബന്ധം പുനഃ സ്ഥാപിച്ചുവെങ്കിലും ഈ ഒടിഞ്ഞു വീണ വൈദ്യുതി തൂണിൽ നിന്ന് ലൈൻ പോകുന്ന രണ്ട് മൂന്ന് വീടുകൾ ഇരുട്ടിലാണ്. ഞായറാഴ്ച മുതൽ കറന്റ് ഇല്ലെന്നാണ് വീട്ടുകാർ പറയുന്നത്.
ഒടിഞ്ഞു വീണ വൈദ്യുതി തൂണും ലൈൻ കമ്പിയൊക്കെ മാറ്റി നൽകണമെന്ന് അറിയിച്ചിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി. തൂൺ ഒടിഞ്ഞു വീണതിന് തൊട്ട് മുന്നിലെ വീട്ടിൽ ഉള്ളവർക്ക് പുറത്ത് ഇറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണ്. ഒരു വികലാംഗനും കൊച്ചു കുട്ടിയും ഉൾപ്പെടുന്ന കുടുംബം ഇരുട്ടിൽ വീടിനു പുറത്ത് പോലും ഇറങ്ങാൻ കഴിയാതെ വിഷമിക്കുകയാണ്. തൂൺ ഒടിഞ്ഞു വീണപ്പോൾ വൈദ്യുതി ബന്ധം വിച്ഛേദിച്ചെങ്കിലും ലൈൻ കമ്പിയും തൂണും അങ്ങനെ തന്നെ വഴിയിൽ കിടക്കുന്നത് കാരണം അതുവഴി കടന്നു പോകാൻ കഴിയില്ലെന്നാണ് വീട്ടുകാർ പറയുന്നത്.
അടിയന്തിരമായി അധികൃതർ സ്ഥലം സന്ദർശിച്ചു ഒടിഞ്ഞു വീണ വൈദ്യുതി തൂണും പൊട്ടി വീണ കമ്പികളും മാറ്റി വൈദ്യുതി ബന്ധം പുനഃ സ്ഥാപിക്കണമെന്നാണ് വീട്ടുകാർ ആവശ്യപ്പെടുന്നത്.