കല്ലമ്പലം: ‘നമ്മുടെ ഭൂമി നമ്മുടെ ഉത്തരവാദിത്വം’ എന്ന ശീർഷകത്തിൽ സമസ്ത കേരള സുന്നി യുവജന സംഘം (എസ്.വൈ.എസ്) സംഘടിപ്പിച്ച് വരുന്ന പരിസ്ഥിതി ക്യാമ്പയിന്റെ ഭാഗമായി വൃക്ഷതൈ വിതരണവും, നടൽ ഉദ്ഘാടനവും കല്ലമ്പലം മബ്ദഅ് ഹിഫ്ള് കോളേജിൽ വി.ജോയ് എം.എൽ.എ നിർവഹിച്ചു.
ലോകത്ത് കാർബൺഡയോക്സൈഡിന്റെ പ്രസരണം കൂടി വരുന്നതിനാൽ മനുഷ്യരാശിക്ക് തന്നെ വലിയ അപകടമാണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്.
പ്രകൃതിയെ സ്നേഹിക്കാനും അതിലൂടെ പ്രകൃതിയിലേക്ക് മടങ്ങാനും കൂടുതൽ വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുകയും, കുന്നുകൾ ഇടിക്കാതിരിക്കാനുമുള്ള പ്രവർത്തനങ്ങളാണ് നമ്മുടെ ഭാഗത്തു നിന്നിമുണ്ടാകേണ്ടത്. പ്രകൃതിക്ക് ദോഷമുണ്ടാകുമ്പോഴാണ് മനുഷ്യർക്കും ദോഷം സംഭവിക്കുന്നത്. അതിലൂടെയാണ് ഉരുൾപൊട്ടലുകളും മറ്റ് പ്രകൃതി ദുരന്തങ്ങളുമുണ്ടാകുന്നത്. പ്രകൃതിയെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള വലിയ പങ്കാണ് ഇവിടെ എസ് വൈ എസ് എന്ന സംഘടന വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ക്യാമ്പയിനിന്റെ ഭാഗമായി വിവിധ കർമ്മപദ്ധതികളാണ് സംഘടന ആവിഷ്കരിച്ചിട്ടുള്ളത്. പ്രവർത്തകരുടെ നേതൃത്വത്തിൽ സോൺ പരിധിയിൽ 1000 കാർബൺ ന്യൂട്രൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കും. പരിസ്ഥിതി സംരക്ഷണം, ഗ്രീൻ പ്രോട്ടോക്കോൾ തുടങ്ങിയ ആശയങ്ങൾ കേന്ദ്രീകരിച്ച് മുഴുവൻ യൂണിറ്റ് കേന്ദ്രങ്ങളിലും പള്ളികൾ, മദ്രസകൾ തുടങ്ങിയ പൊതു ഇടങ്ങളിലും ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. പ്രാദേശിക കാർഷിക കൂട്ടായ്‌മകൾ സംഘടിപ്പിച്ച് സംഘകൃഷികൾ ആരംഭിക്കും. പ്രവർത്തകരുടെ വീടുകൾ കേന്ദ്രീകരിച്ച് അടുക്കളത്തോട്ടങ്ങൾ നിർമിക്കും. ‘പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക ‘ എന്ന ഐക്യരാഷ്ട്രസഭയുടെ ഈ വർഷത്തെ പരിസ്ഥിതി പ്രമേയം ക്യാമ്പയിനിന്റെ ഭാഗമായി പ്രചരിപ്പിക്കും.
എസ്.വൈ.എസ് മുൻ ജില്ലാ പ്രസിഡൻറ് മുഹമ്മദ് ശരീഫ് സഖാഫി, എസ്.എസ്.എഫ് ജില്ലാ പ്രസിഡൻറ് അബ്ദുല്ല ഫാളിലി, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ഷാജഹാൻ,സയ്യിദ് മുഹമ്മദ് ജൗഹരി,നൗഫൽ മദനി,എസ് സിയാദ്,എസ്. നിസാർ,അഹ്മദ് ബാഖവി,ഹസൻ സഅദി,നസീമുദ്ദീൻ ഫാളിലി,ഹാരിസ് മഹ്ളരി,അർഷദ് സഅദി,ഷാൻ വെള്ളൂർക്കോണം എന്നിവർ സംസാരിച്ചു.