വിതുര ഗവ യു. പി. എസിലെ സ്കൂൾ സോഷ്യൽ സർവീസ് അംഗങ്ങൾ തങ്ങളുടെ സ്കൂളിന് പുതു വർഷത്തിൽ നേടിക്കൊടുത്തത് ഒരു മിനി ലൈബ്രറി. മദ്ധ്യവേനലവധിക്കാലത്ത് ലഭിച്ച ഒഴിവു സമയം പ്രകൃതിയ്ക്കു ദോഷകരമാകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു ഇക്കോ ബ്രിക്കുകൾ തയ്യാറാക്കി സ്കൂളിൽ എത്തിച്ച വിദ്യാർത്ഥികൾക്ക് ഇത് അഭിമാന നിമിഷം കൂടിയാണ്. ശിശു ദിനത്തിൽ വിതുര ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച ഹരിത സഭയിൽ വച്ചാണ് വിതുര ഗവ ഹൈ സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ നൽകിയ ഇക്കോ ബ്രിക്സ് ചലഞ്ച് സോഷ്യൽ സർവീസ് അംഗങ്ങൾ ഏറ്റെടുത്തത്. ഇതിനുള്ള പ്രതിഫലമായാണ് സീനിയർ ബാച്ച് എസ്. പി. സി കേഡറ്റുകൾ സ്കൂളിൽ മിനി ലൈബ്രറി സജ്ജീകരിക്കാൻ വേണ്ട പുസ്തകങ്ങൾ സമ്മാനമായി നൽകിയത്. ഒപ്പം എല്ലാവർക്കും മറ്റു സമ്മാനങ്ങളും നൽകി. സ്കൂളിലെയും വീട്ടിലെയും പ്ലാസ്റ്റിക് മാലിന്യം, സിപ് അപ് കവറുകൾ, മിട്ടായി റാപ്പറുകൾ എന്നിവ ശേഖരിച്ച് ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് ബോട്ടിലുകളിൽ നിറച്ചാണ് കുട്ടികൾ ഇക്കൊ ബ്രിക്കുകൾ തയ്യാറാക്കുന്നത്. ഇങ്ങനെ തയ്യാറാക്കുന്ന ഇക്കോ ബ്രിക്കുകൾ ആർട്ട് വർക്ക് ചെയ്ത് മനോഹരമാക്കിയാണ് സ്കൂളിൽ എത്തിക്കുന്നത്.ഇവ ഉപയോഗിച്ച് ബെഞ്ചുകൾ, കൃഷി ചെയ്യുന്നതിനാവശ്യമായ ചട്ടികൾ തുടങ്ങിയവ തയ്യാറാക്കാനാകും.
വിതുര യു. പി. എസിൽ നടന്ന ചടങ്ങിൽ വച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ജി ആനന്ദ് പുസ്തകങ്ങകൾ സ്കൂളിന് കൈമാറി.
വിതുര ഗവ. യു. പി. എസ്. ഹെഡ്മിസ്ട്രസ് ശോഭന കുമാരി പി. പി, ഹൈസ്കൂൾ വൈസ് പ്രിൻസിപ്പൽ ഷീജ വി. എസ്,പി റ്റി. എ. പ്രസിഡന്റ് രവിബാലൻ, സീനിയർ അസിസ്റ്റന്റ് ഷീജ കുമാരി, സ്കൂൾ സോഷ്യൽ സർവീസ് കോർഡിനേറ്റർ ബിന്ദു കുമാരി, എസ്. പി. സി ഓഫീസർമാരായ പ്രിയ. ഐ.വി.നായർ, അൻവർ കെ എന്നിവർ പങ്കെടുത്തു.