മംഗലപുരം: ഇടവിളാകം യു.പി. സ്കൂളിൽ കുട്ടികളുടെ പഠന മികവിനായി ഇനി ഡിജിറ്റൽ ഹബ്ബും. പാഠ്യവിഷയങ്ങൾ ആധുനിക സൗകര്യങ്ങളോടെ കൂടുതൽ മികവോടെ കുട്ടികളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രമുഖ ഐ.ടി കമ്പനിയായ യു.എസ്. ടി ഗ്ലോബൽ ആണ് സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് പത്ത് ആധുനിക കംപ്യൂട്ടറുകളും ഫർണീച്ചറുകളും ഓൺലൈൻ സൗകര്യത്തോടെ വിദ്യാലയത്തിൽ ഒരുക്കി നൽകിയത്. പദ്ധതിയുടെ ഉദ്ഘാടനം യു.എസ്. ടി ഗ്ലോബൽ ബിസിനിസ് ഓപ്പറേഷൻസ് ജനറൽ മാനേജർ ഷെഫി അൻവർ നിർവ്വഹിച്ചു.
സി.എസ്.ആർ വിഭാഗത്തിലെ വിനീത് മോഹനൻ മുഖ്യാതിഥി ആയിരുന്നു. ഇതിനോടൊപ്പം നടന്ന ചടങ്ങിൽ വാർഷിക മാസ്റ്റർ പ്ലാൻ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ. പി. ലൈല പ്രകാശനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് ബിനു മംഗലപുരം അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക എൽ. ലീന, പള്ളിപ്പുറം ജയകുമാർ, ഈ.എസ് സലാം, ഉമ തൃദീപ്, കുഞ്ഞുമോൾ , സി. ആർ സി കോ-ഓർഡിനേറ്റർ സജീന തുടങ്ങിയവർ സംസാരിച്ചു. പദ്ധതിയുടെ ഭാഗമായി അധ്യാപകർക്കും, കുട്ടികൾക്കും ഐ. ടി പഠന രംഗത്തെ സാധ്യതകളെ കുറിച്ച് ആവശ്യമായ പരിശീലന പരിപാടികളും യു.എസ്. ടി ഗ്ലോബൽ സംഘടിപ്പിക്കും