വിതുര : വായനയുടെ പുതിയ ശീലങ്ങൾ പരിചയപ്പെടുത്തുന്നതിനായി വിതുര സ്കൂളിൽ ആരംഭിച്ച പുസ്തക തൊട്ടിലിന് പത്തു വയസ്സ്. ജന്മ ദിനത്തിലും മറ്റു വിശേഷ ദിവസങ്ങളിലും തൊട്ടിലിൽ പുസ്തകങ്ങൾ സമ്മാനിച്ച് വിദ്യാർഥികളും അധ്യാപകരും കൂടെ നിന്നപ്പോൾ സ്കൂൾ ലൈബ്രറിയിലേക്കെത്തിയത് നിരവധി പുസ്തകങ്ങൾ. രണ്ടായിരത്തി പതിനഞ്ച് ജൂൺ പത്തൊൻപതിലെ വായന ദിനത്തിലാണ് വിതുര സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ പുസ്തക തൊട്ടിൽ ആരംഭിക്കുന്നത്. സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സ്വരൂപിക്കുന്നതിനായി സ്കൂൾ ലൈബ്രറിയിൽ ആണ് ആദ്യമായി തൊട്ടിൽ സജ്ജമാക്കിയത്. തുടർന്ന് വിദ്യാർഥികൾ പുസ്തകങ്ങൾ തൊട്ടിലിൽ നിക്ഷേപിച്ചു തുടങ്ങി. വിദ്യാർത്ഥികളിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചതോടെ അധ്യാപകരും പുസ്തക തൊട്ടിലിൽ പങ്കാളികളായി. പത്തു വർഷമായി മുടങ്ങാതെ തുടരുന്ന പുസ്തക തൊട്ടിൽ ഇതിനോടകം സംസ്ഥാനത്തെ നിരവധി സ്കൂളുകൾ ഏറ്റെടുത്തു കഴിഞ്ഞു.
പുസ്തക തൊട്ടിൽ വിജയമായതോടെ വിദ്യാർത്ഥികളിൽ വായന ശീലം വളർത്തുന്നതിനായി നാലു വർഷം മുമ്പ് അക്ഷര ദീപ്തി എന്ന പേരിൽ ഒരു പദ്ധതി കൂടി സ്കൂളിൽ ആരംഭിച്ചു. മികച്ച മലയാളം, ഇംഗ്ലീഷ് വായന കുറിപ്പുകൾക്ക് ക്യാഷ് പ്രൈസും സമ്മാനങ്ങളും നൽകുന്ന പദ്ധതി നാലു വർഷമായി മുടങ്ങാതെ നടന്നു വരുന്നു. സ്കൂളിലെ 1981 പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ഓർമ്മക്കൂട് അംഗങ്ങളാണ് ക്യാഷ് പ്രൈസും സമ്മാനങ്ങളും നൽകുന്നത്. തുടർന്ന് രക്ഷിതാക്കളിൽ വായന വളർത്തുന്നതിനു വേണ്ടി 2023 ൽ “അമ്മ വായന” പദ്ധതിയും ആരംഭിച്ചു. ഇതിന്റെ ഭാഗമായി സ്കൂളിലെ അക്ഷര ദീപ്തി ബോക്സിൽ നിക്ഷേപിക്കുന്ന മികച്ച വായന കുറിപ്പുകൾക്ക് രക്ഷിതാക്കൾക്കും സമ്മാനം നൽകി വരുന്നു. അമ്മ വായനയ്ക്കുള്ള ക്യാഷ് പ്രൈസ് നൽകുന്നത് അധ്യാപകരാണ്.
2025 ലെ വായന ദിനത്തിൽ പുസ്തക തൊട്ടിലിൽ ലഭിച്ച പുസ്തകങ്ങൾ വൈസ് പ്രിൻസിപ്പൽ ഷീജ വി. എസ്. ഏറ്റുവാങ്ങി. എസ്. പി. സി. ഓഫീസർമാരായ പ്രിയ. ഐ. വി. നായർ, അൻവർ കെ, ലൈബ്രേറിയൻ വിജി എന്നിവർ പങ്കെടുത്തു.