കല്ലമ്പലം: “പുസ്തകം വിജയിക്കട്ടെ, വായന വിജയിക്കട്ടെ” എന്ന മുദ്രാവാക്യവുമായി കടമ്പാട്ടുകോണം എസ് കെ വി ഹൈസ്കൂളിൽ ‘പുസ്തക സിന്ദാബാദ്’ പദ്ധതിക്ക് തുടക്കമായി. വായനദിനത്തോടനുബന്ധിച്ച് വിദ്യാർഥികളിൽ വായനശീലം വളർത്തുന്നതിനും പുസ്തകങ്ങളെ സ്നേഹിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഈ നൂതന പദ്ധതി എഴുത്തുകാരൻ ബൈജു ഗ്രാമിക ഉദ്ഘാടനം ചെയ്തു.
ജൂൺ 19 വായനദിനമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് സ്കൂൾ ലൈബ്രറിയെ കൂടുതൽ സജീവമാക്കുന്നതിനും വിദ്യാർഥികളിലേക്ക് പുസ്തകങ്ങളെ എത്തിക്കുന്നതിനും വേണ്ടിയുള്ള ഈ ഉദ്യമം. വായനയുടെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുക എന്നതിലുപരി, പുസ്തകങ്ങളെ ഒരു കൂട്ടുകാരനെന്നോണം കാണാനും അവയുമായി ഒരു ആത്മബന്ധം സ്ഥാപിക്കാനും ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് സ്കൂൾ അധികൃതർ പ്രത്യാശിക്കുന്നു.
പുസ്തക സിന്ദാബാദ് പദ്ധതിയുടെ ഭാഗമായി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. ഇതിൽ പുസ്തക ചർച്ചകൾ, വായനാ മത്സരങ്ങൾ, ക്വിസ് മത്സരം തുടങ്ങിവ ഉൾപ്പെടുന്നു. എല്ലാ വിദ്യാർഥികളെയും വായനയുടെ ലോകത്തേക്ക് ആകർഷിക്കാനാണ് ഈ പരിപാടികളിലൂടെ ലക്ഷ്യമിടുന്നത്.
സീനിയർ അധ്യാപിക എൽ ബി ലീന, ഐ എസ് സീജ,വിഷ്ണു വി ആർ തുടങ്ങിയവർ സംസാരിച്ചു.