കുറ്റിച്ചൽ പഞ്ചായത്തിലെ കോട്ടൂരിൽ എ.ടി.എം അടഞ്ഞിട്ട് ഒരു മാസത്തോളമായി.ഇതുകാരണം പ്രദേശത്തെ ജനങ്ങൾ പണമെടുക്കാൻ കഴിയാതെ ദുരിതത്തിലാണ്. രണ്ട് സർക്കാർ ബാങ്കുകൾ പ്രവർത്തിക്കുന്ന സ്ഥലമാണ് കോട്ടൂർ. എന്നാൽ എസ്.ബി.ടിക്ക് മാത്രമാണ് കോട്ടൂരിൽ എ.ടി.എം കൗണ്ടറുള്ളത്. ഈ എ.ടി.എമ്മാണ് കഴിഞ്ഞ ഒരുമാസമായി അടഞ്ഞ് കിടക്കുന്നത്.
ഈ എ.ടി.എമ്മിൽ കുറ്റിച്ചലെ എ.ടി.എം ഉപയോഗിക്കണമെന്ന് ബോർഡെഴുതിവെച്ചിട്ടുണ്ട്.കോട്ടൂരിൽ നിന്ന് കുറ്റിച്ചലിലെത്തണമെങ്കിൽ ഏഴ് കിലോമീറ്റർ സഞ്ചരിക്കണം.ആദിവാസി മേഖലയിലുള്ള 27 സെറ്റിൽമെന്റിൽ നിന്നുള്ളവരും കോട്ടൂരിലെ എ.ടി.എമ്മിനെയാണ് ആശ്രയിക്കുന്നത്. കേരള ഗ്രാമീൺ ബാങ്ക് പ്രവർത്തിക്കുന്നുണ്ടെങ്കിലും അവർക്ക് എ.ടി.എം ഇല്ല .കോട്ടൂരിൽ ഉണ്ടായിരുന്ന ബി.എസ്.എൻ.എല്ലിന്റെ ടെലിഫോൺ എക്സ്ചേഞ്ച് അടച്ച് പൂട്ടിയതോടെ പലപ്പോഴും നെറ്റ് കിട്ടാത്ത സ്ഥിതിയാണ്. ആദിവാസികൾ,നാട്ടുകാർ,ആനപാർക്ക് കാണാനെത്തുന്ന ടൂറിസ്റ്റുകൾ,സർക്കാർ ഓഫീസുകളിലെ ജീവനക്കാർ തുടങ്ങിയവർക്ക് ആശ്രയമായിരുന്ന കോട്ടൂരിലെ എ.ടി.എമ്മിന്റെ തകരാർ അടിയന്തരമായി പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു