ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തും ആറ്റിങ്ങൽ കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കീഴിൽ വരുന്ന കൃഷി ഭവനുകളും സംയുക്തമായി കർഷകസഭയും ഞാറ്റുവേല ചന്തയും ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ വച്ച് സംഘടിപ്പിച്ചു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി സി ഉദ്ഘാടനം നിർവഹിച്ചു.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കവിത സന്തോഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി മണികണ്ഠൻ സ്വാഗതം ആശംസിച്ചു.
കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീല എസ്, കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജിത, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺമാർ,വിവിധ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർ ഡോ .സ്റ്റാർലി ഒ.എസ്.എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള വിവിധ കൃഷി ഭവനുകളിലെ മികച്ച കർഷകരെ ആദരിച്ചു.മുടപുരം എൽ പി എസ്സിലെ കുട്ടികൾ മുതിർന്ന കർഷകരും കൃഷി ഉദ്യോഗസ്ഥരുമായി സംവദിച്ചു. ആറ്റിങ്ങൽ കാർഷിക ബ്ലോക്കിലെ കൃഷിഭവനുകൾ സംയുക്തമായി സംഘടിപ്പിച്ച ഞാറ്റുവേല ചന്തയിൽ വിവിധ പഞ്ചായത്തുകളിൽ നിന്നുമുള്ള കാർഷിക ഉൽപ്പന്നങ്ങളാണ് വിൽപ്പനക്കും പ്രദർശനത്തിനുമായി ഒരുക്കിയിരുന്നത്.
വിവിധ ഇനം പച്ചക്കറി തൈകൾ,
കർഷകരുടെ ഉൽപ്പന്നങ്ങൾ,
കാർഷിക യന്ത്രങ്ങളുടെ പ്രദർശനം,
വിവിധ ഫല വൃക്ഷത്തൈ കളുടെയും നടീൽ വസ്തുക്കളുടെയും പ്രദർശനവും വില്പനയും,
ജൈവ ജീവാണു വളങ്ങൾ,ജൈവ കീട നിയന്ത്രണ ഉപാധികൾ തുടങ്ങിയവ കർഷകർക്ക് ലഭ്യമാക്കി.കദളീവനം എഫ് പി ഓ മുദാക്കൽ ആഗ്രോ സർവീസ് സെന്റർ,കിഴുവിലം കാർഷിക കർമ സേന, ചിറയിൻകീഴ് കാർഷിക കർമ സേന, കുടുംബശ്രീ ഗ്രൂപ്പ്, ജെ എൽ ജി ഗ്രൂപ്പ് എന്നിവരുടെ പ്രത്യേക പ്രദർശന ശാലകളും ഒരുക്കിയിരുന്നു.വക്കം, മുദാക്കൽ, കടയ്ക്കാവൂർ കുടുംബശ്രീ -അംഗനവാടി ജീവനക്കാരുടെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ആറ്റിങ്ങൽ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ . അർച്ചന ബി നന്ദി രേഖപ്പെടുത്തി.