കിളിമാനൂർ : സ്വത്ത് തർക്കത്തെ തുടർന്ന് ഭാര്യാമാതാവിനെ മുളവടി കൊണ്ട് അടിച്ചുകൊന്ന കേസിൽ മരുമകന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. കിളിമാനൂർ അടയമൺ വയ്യാറ്റിൻകര മിച്ചഭൂമി കോളനി കുന്നിൽ വീട്ടിൽ പ്രസാദി (55) നെയാണ് തിരുവനന്തപുരം അഡീഷണൽ സെഷൻ 2 ജഡ്‌ജ് രാജേഷ് ശിക്ഷിച്ചത്. പ്രസാദിന്റെ ഭാര്യ ഷീജയുടെ അമ്മ രാജമ്മ (83)യെയാണ് കൊലപ്പെടുത്തിയത്.
2014 ഡിസംബർ 26നാണ് കേസിനാസ്‌പദമായ സംഭവം. പ്രസാദിന്റെ ഭാര്യ ഷീജ സംഭവം നടക്കുന്നതിന് വർഷങ്ങൾക്കു മുമ്പ് ആത്മഹത്യ ചെയ്‌തിരുന്നു. തുടർന്ന് ഷീജയുടെ മക്കളും പ്രസാദും രാജമ്മയുടെ അടയമൺ വയ്യാറ്റിൻകര മിച്ചഭൂമി കോളനിക്കുന്നിലെ വീട്ടിലായിരുന്നു താമസം. ഈ വീടും സ്ഥലവും എഴുതിക്കൊടുക്കാത്തതിലുള്ള വിരോധത്തിലാണ് രാജമ്മയെ കൊലപ്പെടുത്തിയത്.രാജമ്മയുടെ ശരീരത്തിൽ 58 മുറിവുകളും ചതവുകളും ഉണ്ടായിരുന്നു. കോടതിയിൽ 22 സാക്ഷികളെയും 50ൽപ്പരം തെളിവുകളും ഹാജരാക്കി. അന്ന് കിളിമാനൂർ സി.ഐയും നിലവിൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി യുമായ എസ്.ഷാജിയാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ അഡ്വ. എൻ.സി.പ്രിയനും ഹരീഷും ഹാജരായി.