ആറ്റിങ്ങൽ : സ്വകാര്യ ബസ് മേഖലയുടെ നിലനിൽപ് ഇല്ലാതാക്കുന്ന അശാസ്ത്രീയമായ നയങ്ങൾ പിൻവലിക്കണമന്നും വിദ്യാർഥികളുടെ കൺസഷൻ നിരക്കു പരിഷ്കരിക്കണമെന്നും ആവശ്യപ്പെട്ട് നാളെ (ജൂലൈ 8ന്) സ്വകാര്യ ബസുകൾ സർവീസ് നിർത്തിവയ്ക്കും. മറ്റന്നാൾ (ജൂലൈ 9നു) നടക്കുന്ന പൊതുപണിമുടക്കിലും പങ്കെടുക്കുന്നതിനാൽ തുടർച്ചയായി 2 ദിവസം സർവീസ് മുടങ്ങും. പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടായില്ലെങ്കിൽ 22 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നുമെന്നും പ്രൈവറ്റ് ബസ് സംഘടനകൾ അറിയിച്ചു.
ദീർഘകാലമായി സർവിസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ് ബസുകളുടേയും ദീർഘദൂര ബസുകളുടേയും പെർമിറ്റുകൾ യഥാസമയം പുതുക്കിനൽകുക, അർഹരായ വിദ്യാർഥികൾക്ക് മാത്രം കൺസഷൻ നൽകുകയും വിദ്യാർഥികളുടെ യാത്രാനിരക്ക് കാലോചിതമായും വർധിപ്പിക്കുകയും ചെയ്യുക, തൊഴിലാളികൾക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി പിൻവലിക്കുക, ഇ-ചെലാൻ വഴി അമിതപിഴ ചുമത്തുന്നത് അവസാനിപ്പിക്കുക, വിലകൂടിയ ഇലക്ട്രോണിക് ഉപകരണങ്ങൾ അടിച്ചേൽപിക്കുന്നത് നിർത്തിവെക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
അതേ സമയം,ജൂലൈ 9ന് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ തൊഴിലാളി വിരുദ്ധ തൊഴിൽ കോഡുകൾ പിൻവലിക്കുക, പൊതുമേഖലാ സ്ഥാപനങ്ങൾ തുഛമായ വിലക്ക് വിറ്റുതുലക്കൽ അവസാനിപ്പിക്കുക തുടങ്ങിയ 17 ഇന ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ദേശീയ പണിമുടക്കിന് ആഹ്വാനം.