കടയ്ക്കാവൂർ : പൂർണ ഗർഭിണിയെയും കൊണ്ടുപോയ ആംബുലൻസ് നിയന്ത്രണം വിട്ട് രണ്ട് കാറുകളിൽ ഇടിച്ചു. കടയ്ക്കാവൂരിൽ നിന്ന് എസ്.എ.ടി ആശുപത്രിയിലേക്ക് പോയ ആംബുലൻസാണ് നിയന്ത്രണംവിട്ട് ഇടിച്ചത്. കാര്യവട്ടം അമ്പലത്തിൻകരയിലാണ് സംഭവം. ആംബുലൻസിന് മുന്നേ പോയ കാർ വലത്തോട്ട് പെട്ടെന്ന് തിരിഞ്ഞതാണ് അപകടത്തിന് കാരണമായി പറയുന്നത്.
മുന്നിലെ കാറിലിടിച്ച ആംബുലൻസ് നിയന്ത്രണംവിട്ട് വലതുവശത്തെ വീടിന് മുന്നിൽ പാർക്ക് ചെയ്‌തിരുന്ന മറ്റൊരു കാറിൽ ഇടിച്ചാണ് നിന്നത്. യുവതിയെ മറ്റൊരു ആംബുലൻസിൽ കയറ്റി ആശുപത്രിയിലേക്ക് വിട്ടു. ആംബുലൻസിൽ ഉണ്ടായിരുന്നവർക്ക് ചെറിയ പരിക്കുകൾ പറ്റി. ഗർഭിണിയായ യുവതിക്ക് മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.