ആറ്റിങ്ങൽ: ആറ്റിങ്ങൽ അയിലം റോഡിൽ കരിച്ചിയിൽ രാത്രികാലങ്ങളിൽ കക്കൂസ് മാലിന്യങ്ങൾ വാഹനത്തിൽ എത്തിച്ച് തോട്ടിൽ ഒഴുക്കി വിടുന്നതായി പരാതി. കഴിഞ്ഞ ദിവസം അർദ്ധരാത്രി 12.45 ഓടെയാണ് തച്ചൂർകുന്ന് തെന്നൂർ മാടൻകാവിന് സമീപത്തെ തോട്ടിൽ വാഹനത്തിൽ എത്തിച്ച കക്കൂസ് മാലിന്യം ഒഴുക്കി വിട്ടത്. മാസങ്ങളായി ഈ പ്രദേശത്ത് കക്കൂസ് മാലിന്യങ്ങൾ തോട്ടിൽ തള്ളുന്നതായി നാട്ടുകാർ പറയുന്നു. പല ദിവസങ്ങളിൽ ഈ ഭാഗത്ത് ദുർഗന്ധവും കക്കൂസ് മാലിന്യത്തിന്റെ അവശിഷ്ടങ്ങളും തോട്ടിൽ പലയിടത്തും കണ്ടെത്തുകയും ചെയ്തതോടെയാണ് നാട്ടുക്കാർക്ക് മാലിന്യം തള്ളുന്നതായി മനസ്സിലായത്. ഇത്തരം മാലിന്യം ചെന്നെത്തുന്നത് വാമനപുരം നദിയിലാണ്. ലക്ഷക്കണക്കിന് ആളുകൾ കുടിവെള്ള സ്രോതസ്സും ഈ നദിയാണ്. കഴിഞ്ഞദിവസം അർദ്ധരാത്രി വാഹനത്തിൽ എത്തിച്ച കക്കൂസ് മാലിന്യം തോട്ടിൽ തള്ളിയതിനുശേഷം കടന്നു കളയാൻ ശ്രമിച്ച വാഹനത്തെ നാട്ടുകാർ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇവരെ വെട്ടിച്ച് വാഹനം കടന്നു കളഞ്ഞു. ആറ്റിങ്ങൽ അയിലം റോഡിൽ കിഴക്കേനാലുക്ക് മുതൽ തച്ചൂർകുന്ന് ജംഗ്ഷൻ വരെ വിവിധ വീടുകളിലായി നിരവധി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഇവ പരിശോധിച്ചു ഇത്തരം സാമൂഹ്യവിരുദ്ധരെയും ഇത്തരം മാലിന്യം തള്ളുന്ന വാഹനത്തെയും എത്രയും പെട്ടെന്ന് പോലീസ് പിടികൂടണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
