കല്ലമ്പലം: മലയാളത്തിന്റെ വിശ്വസാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മകൾക്ക് മുന്നിൽ കടമ്പാട്ടുകോണം എസ് കെ വി ഹൈസ്കൂൾ ബഷീർ ദിനം സമുചിതമായി ആചരിച്ചു.
ബഷീർ കഥാപാത്രങ്ങൾ നിറഞ്ഞുനിന്ന വ്യത്യസ്തവും ആകർഷകവുമായ പരിപാടികളാണ് വിദ്യാലയത്തിൽ നടന്നത്.
മാഞ്ചുവട്ടിൽ ഒരുക്കിയ പ്രത്യേക വേദിയിൽ ബഷീർദിനാഘോഷ പരിപാടികൾക്ക് തുടക്കമായി. വിദ്യാർഥികൾക്കായി നടത്തിയ ബഷീർദിന ക്വിസ് മത്സരം കുട്ടികളിൽ ബഷീർകൃതികളെക്കുറിച്ചുള്ള അറിവ് വർദ്ധിപ്പിച്ചു.
ബഷീറിന്റെ വിശ്വവിഖ്യാത കഥാപാത്രങ്ങളായ പാത്തുമ്മ, മണ്ടൻ മുത്തപ്പ, എട്ടുകാലി മമ്മൂഞ്ഞ്, ആനവാരി രാമൻ നായർ തുടങ്ങിയവർ പരസ്പരം കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന രസകരമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയ രംഗാവിഷ്കരണം കാണികളെ ഏറെ ആകർഷിച്ചു.
ജീവനുള്ള ആടിനെ വെല്ലുന്ന രീതിയിൽ തയ്യാറാക്കിയ പാത്തുമ്മയുടെ ആടിന്റെ കട്ടൗട്ട് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. പരിപാടിയുടെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു ആടുകളുടെ വ്യത്യസ്ത രീതിയിലുള്ള രൂപഭാവശബ്ദാനുകരണ പ്രകടനം. ഇത് സദസ്സിൽ ചിരിയും കൗതുകവും ഉണർത്തി.
ബഷീർ കൃതികളെ ആസ്പദമാക്കി വിദ്യാർഥികൾ തയ്യാറാക്കിയ പതിപ്പുകൾ, പോസ്റ്ററുകൾ എന്നിവ അവരുടെ സർഗാത്മക കഴിവുകൾക്ക് ഉദാഹരണമായി.
ബഷീറിന്റെ ഓർമ്മകളെയും അദ്ദേഹത്തിന്റെ അതുല്യമായ രചനാ ശൈലിയെയും അടുത്ത തലമുറയിലേക്ക് എത്തിക്കാൻ ഈ ദിനാചരണം സഹായകമായെന്ന് സ്കൂൾ അധികൃതർ അഭിപ്രായപ്പെട്ടു. സാഹിത്യ പഠനത്തിന് പുതിയൊരു മാനം നൽകിയ ഈ ബഷീർദിനാചരണം വിദ്യാർഥികൾക്ക് മറക്കാനാവാത്ത അനുഭവമായി മാറി.പ്രഥമ അധ്യാപിക ലക്ഷ്മി വി എസ്, സീനിയർ അധ്യാപിക ദീപ്തി എസ് എൽ എന്നിവർ സംസാരിച്ചു.