നാളെ ദേശീയ പണിമുടക്ക്; കേരളത്തിൽ സമ്പൂർണ്ണമാകുമെന്ന് സംഘടനകൾ

panimudakk-1747317522863-b7226fc2-c756-4777-85ae-259554473991-900x506

ഇന്ന് അർധരാത്രി 12 മണി മുതൽ നാളെ അർധരാത്രി 12 മണിവരെ 24 മണിക്കൂറാണ് പണിമുടക്ക്.

കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത പൊതുപണിമുടക്ക് നാളെ. കേന്ദ്ര സർക്കാരിന്റെ തൊഴിലാളിദ്രോഹ, കർഷകവിരുദ്ധ നയങ്ങൾക്കെതിരെയാണ് ജൂലൈ 9 ബുധനാഴ്ച ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേരളത്തിൽ പണിമുടക്ക് സമ്പൂർണ്ണമാകുമെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചിട്ടുണ്ട്.

ഇന്ന് അർധരാത്രി 12 മണി മുതൽ നാളെ അർധരാത്രി 12 മണിവരെ 24 മണിക്കൂറാണ് പണിമുടക്ക്. കേന്ദ്ര ട്രേഡ് യൂണിയനുകൾക്കൊപ്പം ജീവനക്കാരുടെ ഫെഡറേഷനുകളും പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ കേരളത്തിൽ അഖിലേന്ത്യ പണിമുടക്ക് സംസ്ഥാനത്ത് സമ്പൂർണമായേക്കും. സംയുക്ത ട്രേഡ് യൂണിയൻ സമിതി എല്ലാ മേഖലയിലെയും തൊഴിലാളികളോട് സമരത്തിൽ പങ്കുചേരാൻ ആഹ്വാനം ചെയ്‌തിട്ടുണ്ട്.

തൊഴിലാളികൾ, കേന്ദ്ര – സംസ്ഥാന സർക്കാർ ജീവനക്കാർ, അധ്യാപകർ, പൊതുമേഖലാ ജീവനക്കാർ, ബാങ്കിങ് ഇൻഷുറൻസ് ജീവനക്കാർ, വാണിജ്യ, വ്യവസായ മേഖല, നിർമാണം, മത്സ്യബന്ധനം, റോഡ് ഗതാഗതം എന്നീ മേഖലകളിലെ തൊഴിലാളികളും പണിമുടക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ സമിതി ജനറൽ കൺവീനർ എളമരം കരീം കഴിഞ്ഞദിവസം അറിയിച്ചിരുന്നു. പണിമുടക്കിനെ പിന്തുണച്ച് സിപിഎം ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്.

സംസ്ഥാനത്തെ പ്രധാന തൊഴിലാളി സംഘടനകളെല്ലാം പൊതുപണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ ജനജീവതത്തെ ബാധിച്ചേക്കും. സർക്കാർ ജീവനക്കാരും പൊതുമേഖലാ ജീവനക്കാരും ബാങ്കിങ് ജീവനക്കാരുമെല്ലാം സമരത്തിന്റെ ഭാഗമാകുമെന്നതിനാൽ വിവിധ സേവനങ്ങൾ തടസ്സപ്പെടാനും സാധ്യതയുണ്ട്. അതേസമയം അവശ്യ സർവീസുകൾ, പാൽ, പത്ര വിതരണ എന്നിവയെ മാത്രമാണ് പണിമുടക്കിൽനിന്ന് ഒഴിവാക്കുന്നതെന്ന് സംയുക്ത ട്രേഡ് യൂണിയൻ അറിയിച്ചിട്ടുണ്ട്.

വാണിജ്യ, വ്യാപാര സ്ഥാപനങ്ങളിലെ കയറ്റിറക്ക്, നിർമാണം, മത്സ്യം, ഷോപ്പ്, ടാങ്കർലോറി, ലൈറ്റ് മോട്ടോർ, ബസ് തുടങ്ങിയ വാഹനങ്ങളിലെ തൊഴിലാളികളും പണിമുടക്കും. പണിമുടക്ക് വിജയിപ്പിക്കാൻ മുഴുവൻ തൊഴിലാളികളോടും ജീവനക്കാരോടും സംയുക്ത ട്രേഡ് യൂണിയൻ ഭാരവാഹികൾ അഭ്യർഥിച്ചു.

സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എൽപിഎഫ്, യുടിയുസി, എച്ച്എംഎസ്, സേവ, ടിയുസിഐ, എൻഎൽസി, ടിയുസിസി, ജെഎൽയു, എൻഎൽയു, കെടിയുസി എസ്, കെടിയുസി എം, ഐഎൻഎൽസി, എൻടിയുഐ, എച്ച്എംകെപി തുടങ്ങിയവയാണ് നാളെ പണിമുടക്കുക. സംയുക്ത കിസാൻ മോർച്ച, കർഷക, കർഷകത്തൊഴിലാളി സംഘടനകളും പിന്തുണ അറിയിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!