ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ.പ്ലേസ്മെന്റ് ആന്റ് കരിയർ ഗൈഡൻസ് സെൻറിന്റെ ആഭിമുഖ്യത്തിൽ എൽ & ടി, ബിംലാബ്സ് എന്നീ പ്രമുഖ സ്ഥാപനങ്ങൾ നടത്തിയ ക്യാമ്പസ് ഇൻ്റർവ്യൂവിൽ 75 പേർക്ക് നിയമന ഉത്തരവുകൾ നൽകി. നിലവിൽ വിവിധ ട്രേഡുകളിലായി പഠിച്ചുകൊണ്ടിരിക്കുന്ന 61 പേർക്ക് കാഞ്ചിപുരം എൽ & ടി. യിലും ഡ്രാഫ്റ്റ്മാൻ സിവിൽ/ മെക്കാനിക്കൽ ട്രേഡിലെ 14 പേർക്ക് തിരുവനന്തപുരം ബിംലാബ്സ് എന്ന സ്ഥാപനത്തിലുമാണ് നിയമന ഉത്തരവുകൾ നൽകിയത്. ജൂലായ്, ആഗസ്ത് മാസങ്ങളിൽ നടക്കുന്ന പരീക്ഷകൾക്ക് ശേഷം സെപ്തംബർ 15 മുതലാണ് നിയമനം നൽകുന്നത്. ഐ.ടി.ഐ.ൽ വച്ച് നടന്ന അനുമോദന ചടങ്ങിൽ എം.എൽ.എ. ഒ.എസ്. അംബിക നിയമന ഉത്തരവുകൾ കൈമാറി. വൈസ് പ്രിൻസിപ്പൽ മിനി.കെ, പ്ലേസ്മെൻ്റ് കോർഡിനേറ്ററും ഗ്രൂപ്പ് ഇൻസ്ട്രക്ടറുമായ ഹരികൃഷ്ണൻ.എൻ, പ്ലേസ്മെൻ്റ് ഓഫീസർ അംജിത് ചന്ദ്രൻ, ഗ്രൂപ്പ് ഇൻസ്ട്രക്ടറർമാരായ ഹരിലാൽ, സന്തോഷ്, ഉമേഷ്, സാബു, സ്റ്റാഫ് സെക്രട്ടറി മിഥുൻലാൽ, പി.ടി.എ. വൈസ് പ്രസിഡൻ്റ് ശ്രീകുമാരൻനായർ തുടങ്ങിയവർ പങ്കെടുത്തു. വിദേശത്തും സ്വദേശത്തുമായി കഴിഞ്ഞ വർഷം 576 പേർക്കും ഈ വർഷം 98 പേർക്കും പ്ലേസ്മെൻ്റ് സെല്ലിൻ്റെ നേതൃത്വത്തിൽ നിയമനം നൽകിയിട്ടുണ്ട്.
