ആറ്റിങ്ങൽ ഗവ.ഗേൾസ് ഹൈസ്കൂൾ ജംഗ്ഷൻ മുതൽ പ്രൈവറ്റ് ബസ് സ്റ്റാൻഡ് വരെ ഉള്ള പാലസ് റോഡിൽ പ്രൈവറ്റ് ബസുകൾ പ്രവേശിക്കുന്നത് നിറുത്തലാക്കണമെന്ന് അവശ്യപ്പെട്ടു കൊണ്ട് ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റി ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്സൻ അഡ്വ എസ് കുമാരിക്ക് നിവേദനം നൽകി.
പാലസ് റോഡിൽ നിരവധി സർക്കാർ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. വീരളം ക്ഷേത്രം റോഡിന്റെ അറ്റകുറ്റ പണികളുമായി ബന്ധപ്പെട്ടുകൊണ്ട് തൽക്കാലികമായാണ് പ്രൈവറ്റ് ബസുകൾക്ക് ഇതുവഴി സർവീസ് നടത്തുവാൻ അനുമതി നൽകിയത്.നിരവധി തവണ പ്രൈവറ്റ് ബസുകൾ അപകടത്തിൽപ്പെട്ട് വിദ്യാർത്ഥികൾ ഉൾപ്പെടെ ഉള്ളവർക്ക് പരിക്കേൽക്കുന്നത് നിത്യ സംഭവമായി മാറി കൊണ്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ നിരവധി പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. നിലവിൽ ചിറയിൻകീഴ്, കടയ്ക്കാവൂർ ഭാഗത്തു നിന്നും വരുന്ന ബസുകൾ കച്ചേരിജംഗ്ഷനിൽ എത്തുന്നില്ല. ആയതിനാൽ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സിവിൽ സ്റ്റേഷൻ, പോസ്റ്റ് ഓഫീസ്, പോലീസ് സ്റ്റേഷൻ ഉൾപ്പെടെ ഉള്ള സർക്കാർ സ്ഥാപനങ്ങളിൽ എത്തിപ്പെടുവാനും പൊതുജനങ്ങൾ ഏറെ ബുദ്ധിമുട്ടുന്നു.ഇതിനെല്ലാം അടിയന്തിര പരിഹാരമായി പാലസ്റോഡ് വഴിയുള്ള പ്രൈവറ്റ് ബസ് സർവീസ് പഴയ പോലെ കച്ചേരിജംഗ്ഷൻ വഴി ആക്കണമെന്നും അല്ലാത്ത പക്ഷം വിദ്യാർത്ഥികളെയും യുവാക്കളെയും പൊതു ജനങ്ങളെയും അണി നിരത്തി ശക്തമായ പ്രക്ഷോഭ പരിപാടികൾ നടത്തുമെന്നും ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റിസെക്രട്ടറി എസ്. സുഖിലും പ്രസിഡന്റ് പ്രശാന്ത് മങ്കാട്ടുവും പ്രസ്താവനയിൽ അറിയിച്ചു.