ചിറയിൻകീഴ്: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് 2021-22 വാർഷിക പദ്ധിയിലൂടെ എസ്സ്.സി.പി., ജനറൽ ഫണ്ട് വിനിയോഗിച്ച് 25 കുടുംബങ്ങൾക്ക് (22 എസ്സ്.സി.പി 3 ജനറൽ) ഭവനം നിർമ്മിച്ച് നൽകുന്നതിന് ഓരോ കുടുംബത്തിനും 3 സെൻറ് എന്ന നിലയിൽ നാല് ചക്രവാഹനങ്ങളുടെ യാത്രാ സൗകര്യത്തോടുകൂടി മുദാക്കൽ ഗ്രാമപഞ്ചായത്തിൽ മുദാക്കൽ വില്ലേജിൽ പേരൂർകോണത്ത് 29/4 സർവ്വേ നമ്പറിൽ ഉൾപ്പെട്ട 93.477 സെൻറ് ഭൂമി വാങ്ങിയിരുന്നു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തുകളിലെ അംഗീകൃത ഭൂരഹിത ഭവന രഹിത ലൈഫ് ലിസ്റ്റിൽ ഉൾപ്പെട്ട 25 കുടുംബങ്ങളെയാണ് പ്രസ്തുത പദ്ധതിയ്ക്കായി ഗ്രാമപഞ്ചായത്തുകൾ തെരെഞ്ഞെടുത്ത് ലഭ്യമാക്കിയിരുന്നത്.
2022-23 സാമ്പത്തിക വർഷത്തിൽ ഓരെ കുടുംബത്തിനും 3 സെൻറ് വീതം വീതിച്ചു നൽകാനും ലൈഫ് പദ്ധതി മാനദണ്ഡ പ്രകാരം 420 സ്വ.ഫീറ്റിൽ വീട് നിർമ്മിക്കുന്നതിന് വിവിധ ഗഡുക്കളായി 4,00,000/- അനുവദിക്കുന്നതിനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ബ്ലോക്ക് പഞ്ചായത്തിൻറെ ഉടമസ്ഥതയിലുള്ള പ്രസ്തുത ഭൂമിയിൽ 25 ഗുണഭോക്താക്കൾക്കായി ലൈഫ് മിഷൻ മുഖാന്തരം ലയൺസ് ക്ലബ് 318 എയുടെ ആഭിമുഖ്യത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ 25 ഭവനങ്ങൾ നിർമ്മിച്ചു നൽകുന്നതിന് ലയൺസ് ലൈഫ് വില്ലേജ് എന്ന പദ്ധതിയിലൂടെ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് മൂന്നാം കക്ഷിയായി ത്രികക്ഷി ധാരണാപത്രത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഇതിനായി 25 ഗുണഭോക്താക്കൾക്കും 1 റിക്രിയേഷൻ/അമിനിറ്റി സെൻററിനു വേണ്ടി ആകെ 26 പ്ലോട്ടുകളായി ഈ ഭൂമി പുനർവിഭജനം നടത്തി ലേ ഔട്ട് അംഗീകാരം സർക്കാരിൽ നിന്നും വാങ്ങിയാണ് പ്രസ്തുത നിർമ്മാണ പ്രവൃത്തി ആരംഭിക്കുന്നതിനു വേണ്ടി ഭൂമി സജ്ജമാക്കിയിരുക്കുന്നത്. പ്രസ്തുത പ്ലോട്ടിൽ പ്രധാന റോഡിൽ നിന്നും 3.6 മീറ്റർ വീതിയുള്ള രണ്ട് റോഡുകളും റോഡുകളിലെ വശങ്ങളിലായി വീടുകളും നിർമ്മിക്കുന്നു.ഭവന നിർമ്മാണത്തിനുള്ള അനുമതിക്കും പ്ലോട്ട് ഡിവിഷൻ അനുവാദവും ഗ്രാമപഞ്ചായത്തിൽ നിന്നും ലഭ്യമായിട്ടുണ്ട്.
പ്രസ്തുത സാഹചര്യത്തിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിലൂടെ എസ്സ്.സി.പി., ജനറൽ ഫണ്ട് വിനിയോഗിച്ച് വാങ്ങിയ 94 സെൻറ് ഭൂമിയിൽ ലയൺസ് ലൈഫ് വില്ലേജ് പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന 25 വീടുകളുടെ ശിലാസ്ഥാപനം 2025 ജൂലൈ 16 ബുധനാഴ്ച്ച വൈകുന്നേരം 3 മണിക്ക് മുദാക്കൽ ഗ്രാമപഞ്ചായത്തിലെ പേരൂർക്കോണം ലക്ഷംവീട് നഗറിന് സമീപത്തുള്ള നിർമ്മാണ സ്ഥലത്ത് വച്ച് തദ്ദേശസ്വയംഭരണ, എക്സൈസ്, പാർലമെൻ്ററികാര്യ വകുപ്പ് മന്ത്രി എം. ബി. രാജേഷ് നിർവ്വഹിക്കും. ചിറയിൻകീഴ് എം.എൽ.എ. വി. ശശി അദ്ധ്യക്ഷത വഹിക്കും.
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജയശ്രീ പി.സി., വൈസ് പ്രസിഡന്റ് അഡ്വ. ഫിറോസ് ലാൽ, വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കവിതാ സന്തോഷ്, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി. മണികണ്ഠൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജോസഫൈൻ മാർട്ടിൻ, ബ്ലോക്ക് പഞ്ചായത്ത് അംഗമായ എ.എസ്. ശ്രീകണ്ഠൻ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഡോ.സ്റ്റാർലി. ഒ.എസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.