കാട്ടാക്കട പോക്സോ കോടതിയിലെ തീപിടിത്തത്തിൽ അട്ടിമറി സാധ്യത തള്ളാതെ പൊലീസ്. തീപിടിത്തത്തിൽ കോടതിയിലെ ഫയലുകളും തൊണ്ടിമുതലുകളും കത്തിനശിച്ചിട്ടുണ്ട്. ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തുകയാണ്.
ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ അട്ടിമറി സാധ്യത ഉണ്ടോ എന്ന് പറയാൻ സാധിക്കുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രിയായിരുന്നു കാട്ടാക്കട പോക്സോ കോടതിയിലെ തീപിടിത്തമിണ്ടായത്.
കോടതിയുടെ തൊണ്ടിമുതലുകൾ സൂക്ഷിക്കുന്ന മുറിയിൽനിന്നാണ് തീ പടർന്നത്. കോടതിയിലെ തീപിടിത്ത വിവരമറിഞ്ഞ് ജഡ്‌ജി എസ്. രമേഷ്കുമാർ രാത്രി തന്നെ സ്ഥലത്തെത്തി കോടതിരേഖകളുടെ സുരക്ഷയ്ക്കുവേണ്ടിയുള്ള നിർദേശങ്ങൾ നൽകിയിരുന്നു. കാട്ടാക്കട ബസ് ഡിപ്പോയ്ക്ക് എതിർവശമുള്ള കെട്ടിടത്തിലെ മൂന്നാം നിലയിലാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി പ്രവർത്തിക്കുന്നത്.
ഇന്നലെ രാത്രി 9.15ഓടെ കോടതി ഓഫീസ് മുറിക്കാണു തീപിടിച്ചത്.ഷോർട്ട് സർക്യൂട്ട് ആണോ മറ്റെന്തെങ്കിലുമാണോ തീപിടിത്തത്തി കാരണമെന്ന് അന്വേഷിക്കുന്നു.കണ്ണാടിച്ചില്ലുകൾ പൊട്ടിച്ചാണ് ഫയർ ഫോഴ്സ് അകത്ത് കടന്നത്. കാട്ടാക്കട അഗ്നിരക്ഷ യൂണിറ്റെത്തി തീ നിയന്ത്രണവിധേയമാക്കി.