ആറ്റിങ്ങൽ: സ്വകാര്യ ബസ് ഡ്രൈവറായി ജോലി നോക്കിയിരുന്ന ശരത് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവേ ആട്ടോയുമായി അപകടത്തിൽപെട്ട് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സഹപ്രവർത്തകന് കൈത്താങ്ങ് ആവാൻ ജൂലൈ 16ന് കാരുണ്യ യാത്ര ഒരുക്കുകയാണ് തിരുവാതിര ട്രാവൽസ്. തിരുവാതിര മോട്ടോഴ്സും ജിസിസി ചങ്ക്സ് കൂട്ടായ്മയും ചേർന്ന് ശരത്തിൻ്റെ ചികിത്സ സഹായത്തിന് വേണ്ടി തിരുവാതിരയുടെ ആറ്റിങ്ങൽ – അയിലം (4786), ആറ്റിങ്ങൽ കല്ലമ്പലം വർക്കല (5353) തുടങ്ങിയ 2 ബസ് സർവീസുകൾ കാരുണ്യയാത്ര നടത്തുന്നു.
തിരുവാതിരയുടെ ഈ രണ്ട് ബസ്സിലും ടിക്കറ്റ് ഇല്ലാതെ ബക്കറ്റു പിരിവ് നടക്കും. യാത്രക്കാർക്ക് ഓരോരുത്തർക്കും തങ്ങളെ കൊണ്ട് കഴിയുന്ന തുക ബക്കറ്റിൽ ഇടാം. എല്ലാം കൂട്ടി ഒരുമിച്ച് കൂട്ടി നല്ലൊരു തുകയായി ശരത്തിന്റെ കുടുംബത്തിന് എത്തിക്കും. ചെറിയ തുകകൾ സ്വരുക്കൂട്ടി വലിയ തുക ലഭ്യമാക്കി ഒരു കുടുംബത്തെ രക്ഷിക്കാനുള്ള പരിശ്രമത്തിൽ ഭാഗമാകാൻ യാത്രക്കാരും തയ്യാറാവുമെന്നാണ് മാനേജ്മെന്റ് പ്രതീക്ഷിക്കുന്നത്.