ചിറയിൻകീഴ് : ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ ആഴ്ചവരെ ഉണ്ടായിരുന്ന കുട്ടികളുടെ സൗജന്യ ഓ.പി ക്ക് ഇപ്പോൾ പണം ഈടാക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളി ആണെന്നും, ഈ നടപടി എത്രയും വേഗം പിൻവലിക്കണമെന്നും സാമൂഹിക പ്രവർത്തകനും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുമായ ഷഹീർ പെരുമാതുറ സർക്കാരിനോട് ആവശ്യപ്പെട്ടു.
പതിമൂന്ന് വയസ്സുവരെയുള്ള കുഞ്ഞുങ്ങൾക്ക് നൽകി കൊണ്ടിരുന്ന ഓ.പി ടിക്കറ്റിന് പണം ഏർപ്പെടുത്തിയത് വേദനാജനകമാണ്. കുഞ്ഞുങ്ങൾക്ക് സൗജന്യ വിദ്യാഭ്യാസം, സൗജന്യ ചികിത്സ എന്നത് ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന കാര്യമാണ്. ആ ഉറപ്പിന്മേൽ കത്തി വെക്കുന്ന നടപടിയാണ് ആരോഗ്യ വകുപ്പ് നടത്തുന്നത്.സംസ്ഥാനം നേരിടുന്ന പ്രധാന വിഷയങ്ങളിൽ നിന്നും പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണോ ഇത്തരത്തിലുള്ള നടപടികൾ സ്വീകരിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആശുപത്രിയിൽ നേരിട്ട് അന്വേഷിച്ചപ്പോൾ ഫണ്ട് തീർന്നത് കൊണ്ടാണെന്നാണ് അധികൃതർ പറഞ്ഞ ന്യായം. ഈ തെറ്റായ നടപടി എത്രയും വേഗം സർക്കാർ തിരുത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.