നെടുമങ്ങാട് പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. നെടുമങ്ങാട് പനയമുട്ടത്താണ് അപകടം നടന്നത്. അക്ഷയ് എന്ന 19കാരനാണ് മരിച്ചത്. മരമൊടിഞ്ഞുവീണ് പൊട്ടിയ വൈദ്യുത ലൈനിൽ നിന്നാണ് അക്ഷയ്ക്ക് വൈദ്യുതാഘാതമേറ്റത്. കാറ്ററിങ് ജോലിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.
ഇന്ന് പുലർച്ചെയായിരുന്നു അപകടം. പനയമുട്ടം മുസ്ലീം പള്ളിയുടെ സമീപത്ത് വെച്ചാണ് അപകടം നടന്നത്. പൊട്ടിവീണ വൈദ്യുതി ലൈനിലേക്ക് അക്ഷയും സുഹൃത്തുക്കളും സഞ്ചരിച്ച ബൈക്ക് കയറിയപ്പോഴാണ് അപകടമുണ്ടായത്. ബൈക്കിൽ മൂന്നുപേരുണ്ടായിരുന്നുവെന്നാണ് വിവരം. അക്ഷയ്ക്കൊപ്പമുണ്ടായിരുന്ന രണ്ടുപേർ രക്ഷപ്പെട്ടു. മരിച്ച അക്ഷയിന്റെ മൃതദേഹം നെടുമങ്ങാട് ആശുപത്രിയിലേക്ക് മാറ്റി.
അപകടം നടന്നതിന് പിന്നാലെ ഒപ്പമുണ്ടായിരുന്നവരാണ് നാട്ടുകാരെ വിളിച്ചുകൂട്ടിയതും അക്ഷയിനെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചതും.വളരെ പഴക്കം ചെന്ന വൈദ്യുത പോസ്റ്റായിരുന്നു ഇവിടെ ഉണ്ടായിരുന്നതെന്ന് നാട്ടുകാർ പറയുന്നത്. പ്രദേശത്ത് ഇന്നലെ രാത്രി ശക്തമായ മഴയും കാറ്റുമുണ്ടായിരുന്നു. ഇതേ തുടർന്നാകാം മരമൊടിഞ്ഞ് വീണ് വൈദ്യുതി ലൈൻ പൊട്ടിവീഴാൻ കാരണമെന്നാണ് കരുതുന്നത്. അപകടം നടന്ന സ്ഥലത്ത് വൈദ്യുത പോസ്റ്റും ഒടിഞ്ഞുവീണിട്ടുണ്ട്.