വി.എസ്. അച്യുതാനന്ദന് (101) വിടവാങ്ങി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് ജൂണ്‍ 23 മുതല്‍ ചികില്‍സയിലായിരുന്നു. ദീര്‍ഘകാലമായി വിശ്രമജീവിതത്തിലായിരുന്നു.
മുന്‍ മുഖ്യമന്ത്രിയും സിപിഎമ്മിന്റെ സ്ഥാപകനേതാവുമാണ്.മൂന്നുതവണ പ്രതിപക്ഷനേതാവായും സിപിഎം സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഭരണപരിഷ്കാര കമ്മിഷന്റെ ആദ്യ അധ്യക്ഷനാണ്. അമ്പലപ്പുഴ, മാരാരിക്കുളം, മലമ്പുഴ എന്നിവിടങ്ങളില്‍ നിന്നായി ഏഴുതവണ എംഎല്‍എയായി.
2006-2011-ലെ പന്ത്രണ്ടാം കേരള നിയമസഭയിൽ കേരളത്തിലെ ഇരുപതാമത്തെ മുഖ്യമന്ത്രിയായിരുന്നു വി.എസ്.അച്യുതാനന്ദൻ. 1986 മുതൽ 2009 വരെ മാർക്സിസ്റ്റ് പാർട്ടിയുടെ പൊളിറ്റ് ബ്യൂറോയിലും 1964 മുതൽ 2015 വരെ മാർക്സിസ്റ്റ് പാർട്ടിയുടെ കേന്ദ്രകമ്മിറ്റിയിലും അംഗമായിരുന്ന ഇദ്ദേഹം പതിനൊന്നാം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ്, പന്ത്രണ്ടാം കേരള നിയമസഭയിലെ മുഖ്യമന്ത്രി എന്നീ നിലകളിൽ കേരള രാഷ്ട്രീയത്തിലെ ഏറ്റവും ജനസമ്മതിയുള്ള നേതാവായാണ് വിലയിരുത്തപ്പെടുന്നത്.
2015 വരെ മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന കമ്മിറ്റിയിലും അംഗമായിരുന്ന വി.എസ്. അച്യുതാനന്ദൻ 2015-ൽ ആലപ്പുഴയിൽ നടന്ന മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോന്നത് കേരള രാഷ്ട്രീയത്തിൽ വൻ വിവാദങ്ങൾക്ക് വഴിവച്ചു. 2019 വരെ ജനകീയ പ്രശ്നങ്ങളിലും പൊതു താല്പര്യമുള്ള വിഷയങ്ങളിലും നിർഭയം പ്രതികരിച്ചിരുന്ന വി എസ് അച്യുതാനന്ദന് ഒരു ബഹുജനനേതാവിന്റെ പ്രതിച്ഛായ ആർജ്ജിക്കുവാൻ കഴിഞ്ഞു.
മതികെട്ടാനിലെ ഭൂമി കൈയേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്നം, മറയൂരിലെ ചന്ദനക്കൊള്ള തുടങ്ങിയ ജനകീയ വിഷയങ്ങൾ ബഹുജന ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ അച്യുതാനന്ദൻ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ പദവി രാജിവച്ച് 2020 ജനുവരിയിൽ സജീവ രാഷ്ട്രീയത്തിൽ നിന്നും അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.
മാധ്യമ പ്രവർത്തകനായ പി.കെ. പ്രകാശ് എഴുതിയ സമരം തന്നെ ജീവിതം എന്ന പുസ്തകം വി.എസ്.അച്യുതാനന്ദന്റെ ജീവചരിത്രമാണ്. 2005-ലെ മാധ്യമം വാർഷിക പതിപ്പിലാണ് അച്യുതാനന്ദന്റെ ജീവചരിത്രം ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്.