ആലംകോട്: ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയും കൃഷിഭവനുമായി സഹകരിച്ചുകൊണ്ട് ജൂൺ അഞ്ചിന് വിദ്യാലയങ്ങളിൽ തുടക്കമിട്ട പാഠം ഒന്ന്: ചീര എന്ന പദ്ധതിയുടെ വിളവെടുപ്പ് ആലംകോട് ഗവ.എൽപിഎസിൽ ഉത്സവച്ഛായയിൽ നടത്തി. വിളവെടുപ്പുത്സവത്തിന്റെയും,എക്കോ ക്ലബ്ബിന്റെയും ഉദ്ഘാടനം മുൻസിപ്പൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ നജാം നിർവഹിച്ചു.
കുട്ടികൾ നട്ട വാഴക്കന്നുകളുടെ പരിചരണവും സ്കൂൾ വളപ്പിൽ നടന്നു വരുന്നു. കര നെൽ കൃഷിക്കുള്ള വിത്തുകളും മറ്റു പിന്തുണാ സംവിധാനങ്ങളും കൃഷിഭവനിൽ നിന്ന് സമയബന്ധിതമായി ലഭ്യമാക്കുമെന്ന് അധികൃതർ ഉറപ്പുനൽകി. കൃഷി അസിസ്റ്റന്റ് പ്രമോദ്, ഹെഡ്മിസ്ട്രസ് റീജാ സത്യൻ, എക്കോ ക്ലബ്ബ് കൺവീനർ മനു സംസാരിച്ചു.