വെഞ്ഞാറമൂട് : വെഞ്ഞാറമൂട്ടിൽ ജഡ്‌ജി ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. കണ്ണൂർ ചിറയ്ക്കൽ കവിതാലയത്തിൽ ജിഗേഷ് കെ എം (40), മാന്നാർ ഇരുമന്തൂർ
വടക്കേതിൽ സുമേഷ് (36) എന്നിവരെ. വെഞ്ഞാറമൂട് പോലീസ് ഇൻസ്പെക്ടർ ആസാദ് അബ്ദുൽ കലാമിൻ്റെ നേതൃത്വത്തിലുള്ള സംഘം ആലപ്പുഴയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
വെഞ്ഞാറമൂട് കേരള ബാങ്കിൽ കുടിശ്ശിക ഉള്ള 10 ലക്ഷം രൂപയുടെ ലോൺ ക്ലോസ് ചെയ്ത് പ്രമാണം തിരികെ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ദമ്പതികളിൽ നിന്ന് ആറുലക്ഷം രൂപ കൈവശപ്പെടുത്തിയ കേസിലാണ് പ്രതികളെ പിടികൂടിയത്.
സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന പരാതിക്കാരിയായ യുവതിയുടെ ഭർത്താവ് ഒമാനിൽ ഡ്രൈവർ ആയി ജോലി നോക്കി വരവേ കേരള ബാങ്കിൽ നിന്നും വീടിന് ജപ്തി നോട്ടീസ് വന്നത് അറിഞ്ഞു കൂടെ ജോലിചെയ്ത് വന്ന മൂവാറ്റുപുഴ പൈങ്ങോട്ട്കര സ്വദേശിയായ ഷിജു പരിചയപ്പെടുത്തിയതനുസരിച്ചാണ് 2022 ജൂൺമാസം 16-ാം തീയതി വെമ്പായം ശ്രീവത്സം റസിഡൻസി ഹോട്ടലിന് മുന്നിൽ പ്രതികൾ ഒരു XUV 500 കാറിൽ എത്തി. വെമ്പായം ശ്രീവത്സം ഹോട്ടലിൽ ജഡ്ജി വരുമെന്നും ജഡ്‌ജി കേരള ബാങ്കിൻ്റെ കാര്യങ്ങൾ നോക്കുന്ന ആളാണെന്നും ജഡ്‌ജി ശ്രമിച്ചാൽ ലോൺ തുക ബാങ്കിൽ കിട്ടാക്കടമായി എഴുതിത്തള്ളി വസ്തുവിന്റെ പ്രമാണം എടുക്കാൻ സാധിക്കുമെന്നും ഷിജു പറഞ്ഞു വിശ്വസിപ്പിച്ചു.
തുടർന്ന് പരാതിക്കാരി ശ്രീവത്സം ഹോട്ടലിൽ മുന്നിൽ എത്തിയപ്പോൾ കാറിൽ പിൻസീറ്റിൽ വെയിറ്റ് ചെയ്യുകയായിരുന്ന ജഡ്‌ജി നിങ്ങൾ ലിസ്റ്റിൽ ഉൾപ്പെട്ടവർ ആയതുകൊണ്ട് ലോൺ കിട്ടാകടമായി എഴുതി തള്ളുന്നത് എളുപ്പം ആണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഒന്നരലക്ഷം രൂപ ആവശ്യപ്പെട്ടു. ആവശ്യപ്പെട്ടതനുസരിച്ച് ജൂലൈ മാസം മൂന്നുതവണകളായി നാലര ലക്ഷം രൂപ കൂടി നൽകി വഞ്ചിക്കപ്പെടുകയായിരുന്നു. ജഡ്‌ജിയുടെ വേഷത്തിൽ ഡ്രൈവറോടൊപ്പം വില കൂടിയ കാറിൽ എത്തിയത് പരാതിക്കാരിയിൽ വിശ്വാസം വർധിപ്പിച്ചു.
ആലപ്പുഴ മണ്ണഞ്ചേരിയിൽ നിന്നും പ്രതികളെയും കൃത്യത്തിന് ഉപയോഗിച്ച വാഹനവും പിടികൂടുകയായിരുന്നു. പരിശോധനയിലും ചോദ്യം ചെയ്യലിലും ജഡ്‌ജി പത്താം ക്ലാസ് തോറ്റ ആളാണെന്ന് ബോധ്യമായി. കൂടുതൽ ചോദ്യം ചെയ്തതിൽ പ്രതിയായ ജഡ്‌ജിയുടെ ലാപ്ടോപ്പിൽ നിന്നും ശബരിമലയിൽ ദിവസവേതന അടിസ്ഥാനത്തിൽ ജോലി നൽകുന്നതിന്റെ ദേവസ്വം ബോർഡ് നൽകുന്ന വ്യാജ നിയമന ഉത്തരവുകളും യു പി എസ് സി യുടെ നിരവധി ഇന്റർവ്യൂ ലെറ്ററുകളും മറ്റും കണ്ടെത്തിയിട്ടുണ്ട്. പല സ്ഥലത്തും മാറി താമസിച്ചു ഫോൺ നമ്പറുകൾ മാറ്റി മാറ്റി ഉപയോഗിച്ച് തട്ടിപ്പ് നടത്തിവന്ന പ്രതികളുടെ കൈവശത്തു നിന്നും ഏഴ് മൊബൈൽ ഫോണും തട്ടിപ്പിന് ഉപയോഗിച്ച് വാഹനവും പണവും വ്യാജ നിയമന ഉത്തരവുകളും കണ്ടെടുത്തിട്ടുണ്ട് കണ്ടെത്തിയ പണം ദേവസ്വം ബോർഡ് വ്യാജ നിയമന ഉത്തരവ് നൽകിയ വകയിൽ നിന്നും തട്ടിയെടുത്തതാണ് . പ്രതികൾ ജോലി വാഗ്ദാനം ചെയ്തു പത്രങ്ങളിൽ പരസ്യം നൽകുകയും ആയതിൽ ബന്ധപ്പെട്ട ഉദ്യോഗാർത്ഥികളാണ് കൂടുതലും ചതിക്കപ്പെട്ടത്.
ഐ എസ് എച്ച് ഒ ആസാദ് അബ്ദുൽ കലാമിൻ്റെ നേതൃത്വത്തിൽ എസ്ഐ മാരായ സജിത്ത് എസ്, ഷാജി എം എ, ഷാജി വി, സി.പി.ഓ മാരായ സന്തോഷ് ഷാനവാസ് എന്നിവരാണ് പ്രതിയെ പിടികൂടിയത് . കണ്ണൂർ,തൃശ്ശൂര് എറണാകുളം ആലപ്പുഴ ഇടുക്കി ജില്ലകളിൽ സമാനമായ തട്ടിപ്പുകൾ നടത്തിയതിൽ പ്രതികൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ട് ഉള്ള വിവരം ലഭിച്ചിട്ടുണ്ട്. അന്വേഷണം നടന്നു വരുന്നതായി പോലീസ് അറിയിച്ചു.